
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സോളാർ വൈദ്യുത ബോട്ടായ ബരാക്കുഡ നീറ്റിലിറക്കി. മുംബയ് കപ്പൽശാലയ്ക്കായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നവാൾട്ടാണ് അത്യാധുനിക ബോട്ട് നിർമ്മിച്ചത്. അതിവേഗ ബോട്ട് നിർമ്മിച്ചത്. ആലപ്പുഴ പാണാവള്ളി യാർഡിൽ മുംബയ് കപ്പൽശാല (മസഗോൺ ഡോക്ക് ലിമിറ്റഡ് ) ജനറൽ മാനേജർ സഞ്ജയ് കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു.
നവാൾട്ട് സി.ഇ.ഒ സന്ദിത് തണ്ടാശേരി, എം.ഡി.എൽ അഡിഷണൽ ജനറൽ മാനേജർ ദേവി നായർ, ഡെപ്യൂട്ടി ജനറൽ മാനേജർ ഹേമന്ത് രാത്തോഡ് എന്നിവർ സംബന്ധിച്ചു. മസഗോണിന്റെ മുംബയ് ഡോക്കിലെ ആവശ്യങ്ങൾക്കായാണ് ബരാക്കുഡ നിർമ്മിച്ചത്. ബോട്ട് ഇനി സൗര ശക്തി എന്ന് പേരിലായിരിക്കും അറിയപ്പെടുക. കാര്യക്ഷമത,ശുദ്ധവുമായ ഊർജ ഉപയോഗം, പരിസ്ഥിതി സൗഹൃദം എന്നിവ സംയോജിപ്പിച്ച് സമാനതകളില്ലാത്ത പ്രവർത്തന മികവ് കാഴ്ച്ചവയ്ക്കുന്നതാണ് ബരാക്കുഡയെന്ന് സന്ദിത് തണ്ടാശേരി പറഞ്ഞു.
തിരമാലകളെ വകഞ്ഞുമാറ്റി സഞ്ചരിക്കും
12 നോട്ടിക്കൽ മൈൽ ഉയർന്ന വേഗതയുള്ള ബോട്ടിന് ഒറ്റ ചാർജിൽ 7 മണിക്കൂർ റേഞ്ച് ലഭിക്കും. 14 മീറ്റർ നീളവും 4.4 മീറ്റർ വീതിയുമുള്ള ബോട്ട് ഇരട്ട 50 കിലോ വാട്ട് ഇലക്ട്രിക് മോട്ടോറുകൾ, ഒരു മറൈൻ ഗ്രേഡ് എൽ.എഫ്.പി ബാറ്ററി, 6 കിലോ വാട്ട് സോളാർ പവർ എന്നിവയുടെ ശക്തിയിലാണ് പ്രവർത്തിക്കുന്നത്. നാല് മീറ്റർ വരെ ഉയരമുള്ള തിരമാലകളിലൂടെ വകഞ്ഞുമാറ്റി സഞ്ചരിക്കാനാകും .