കൊച്ചി: ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ പ്രായോഗിക രാഷ്ട്രീയത്തോടെ പ്രയത്നിച്ച നേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് സി.പി.ഐ മുൻ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി അഭിപ്രായപ്പെട്ടു. കാനത്തിന്റെ വേർപാടിൽ അനുശോചിച്ച് സി.പി.ഐ ജില്ലാ കൗൺസിൽ എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മികച്ച നിയമസഭാ സാമാജികനായും ട്രേഡ് യൂണിയൻ നേതാവായും ശോഭിച്ച നേതാവായിരുന്നു കാനം.

സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ അദ്ധ്യക്ഷനായി. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ അനുശോചന പ്രമേയം അവതരിപ്പിച്ചു.

സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, സംവിധായകൻ വിനയൻ, ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ കെ.പി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.