കൊച്ചി: മൂന്നാം ദിനവും എം.ജി സർവകലാശാല അത്‌ലറ്റിക് മീറ്റിൽ സമഗ്രാധിപത്യം തുടർന്ന് കോതമംഗലം എം.എ കോളജ്. ഇരുവിഭാഗത്തിലും ആതിഥേയർ മുന്നിലെത്തി. പുരുഷ വിഭാഗത്തിൽ 177 പോയിന്റും വനിതകളിൽ 122 പോയിന്റുമാണ് എം.എ കോളേജിന്റെ നേട്ടം. പുരുഷവിഭാഗത്തിൽ ചങ്ങനാശേരി എസ്.ബി കോളേജ് 90 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. മൂന്നാം സ്ഥാനത്തുള്ള കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിന് 73 പോയിന്റുണ്ട്. വനിതകളിൽ പാല അൽഫോൺസ കോളേജ് എം.എ കോളേജിന് തൊട്ടുപിന്നിലുണ്ട്, 114 പോയിന്റാണ് അവർക്ക്. 74 പോയിന്റുള്ള ചങ്ങനാശേരി അസംപ്ഷൻ കോളേജാണ് മൂന്നാം സ്ഥാനത്ത്. മീറ്റിന്റെ മൂന്നാം ദിനം റെക്കാഡ് പ്രകടനങ്ങളുണ്ടായില്ല. ഇതുവരെ മൂന്ന് മീറ്റ് റെക്കാഡുകൾ മാത്രമാണ് പിറന്നത്. മത്സരങ്ങൾ ഇന്ന് സമാപിക്കും.

 മത്സരഫലങ്ങൾ: വുമൺ ലോംഗ്ജമ്പ്: ഡാലിയ പി. ലാൽ, 5.72 മീറ്റർ (അൽഫോൺസ കോളജ് പാല), ഷോട്ട്പുട്ട്: മേഘ മറിയം മാത്യു, 12.43 മീറ്റർ (അൽഫോൺസ കോളേജ് പാല), ജാവലിൻ ത്രോ: ഐശ്വര്യ സുരേഷ്, 37.46 മീറ്റർ (എം.എ കോളേജ്, കോതമംഗലം). മെൻ ലോംഗ്ജമ്പ്: ശ്രീകാന്ത് കെ.എം., 7.43 മീറ്റർ (എം.എ കോളേജ്, കോതമംഗലം), ഹൈജമ്പ്: റോബർട്ട് ബാബു, 1.98 മീറ്റർ (മഹാരാജാസ് കോളേജ്, എറണാകുളം), പോൾവോൾട്ട്: സിദ്ധാർഥ് എ.കെ., 4.40 മീറ്റർ (എം.എ കോളേജ്, കോതമംഗലം), ഷോട്ട്പുട്ട്: ഡോൺ ബിജു, 12.09 മീറ്റർ (എം.എ കോളേജ് കോതമംഗലം), ഡിസ്‌കസ് ത്രോ: അനന്ത കൃഷ്ണൻ ടി.വി, 39.95 മീറ്റർ, (എം.എ കോളേജ് കോതമംഗലം), ജാവലിൻ ത്രോ: പ്രവീൺ പി.കെ, 53.22 മീറ്റർ (എസ്.ബി കോളേജ്,ചങ്ങനാശേരി).