പറവൂർ: വീട്ടിൽനിന്ന് രണ്ട് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ മുഖ്യപ്രതി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ലാവണ്യവീട്ടിൽ നിഥിനെ (22) എക്സൈസ് നാടകീയമായി പിടികൂടി. രണ്ടുവർഷംമുമ്പ് മരിച്ച അമ്മയുടെ പേരിലുള്ള സ്ഥിരനിക്ഷേപത്തുക പിൻവലിക്കാൻ പറവൂരിലെ സഹകരണബാങ്കിൽ എത്തിയപ്പോഴാണ് പറവൂർ എക്സൈസ് പിടികൂടിയിത്. ഈ ബാങ്കിലെ ഉദ്യോഗസ്ഥയായിരുന്നു നിഥിന്റെ അമ്മ. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ബാങ്കിലെത്തിയത്. ജീവനക്കാർ നിഥിന് പണം നൽകാൻ തയ്യാറായില്ല. ഇതിനിടെ ബാങ്ക് ഉദ്യോഗസ്ഥർ എക്സൈസിനെ വിവരം അറിയിച്ചു. എക്സൈസ് സംഘം എത്തിയതോടെ നിഥിനോടൊപ്പം ഇന്നോവ കാറിലെത്തിയ രണ്ടുപേർ കടന്നുകളഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ വീട്ടിലേക്ക് നിഥിൻ ഓടിക്കയറി. അഴിച്ചുവിട്ടിരുന്ന നായ ഉണ്ടായിരുന്നതിനാൽ ഉദ്യോഗസ്ഥർക്ക് വീട്ടിൽ കടക്കാനായില്ല. അച്ഛൻ മനോജിനെ എക്സൈസ് വിളിച്ചുവരുത്തി നായയെ പൂട്ടിയശേഷം വീട്ടിൽ കയറുന്നതിനിടെ നിഥിൻ വീടിന് പിന്നിലൂടെ ഓടിരക്ഷപ്പെട്ടു. അകത്തുകയറിയ ഉദ്യോഗസ്ഥർ മുറികൾ തുറന്ന് നൽകാൻ ആവശ്യപ്പെട്ടെങ്കിലും മനോജ് തയ്യാറായില്ല. ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് മുറിയിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തിൽ അറസ്റ്റിലായ മനോജിനെ കോടതിയിൽ ഹാജരാക്കിയ സമയത്താണ് നിഥിനെ പിടികൂടിയത്.
ആറുവർഷംമുമ്പ് കഞ്ചാവ് കൈവശംവച്ചതിന് നിഥിനെ പിടികൂടിയിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയിൽ ഹാജരാക്കി നല്ല നടപ്പിന് ശിക്ഷിച്ചിരുന്നു.
എക്സൈസ് പരിശോധനയ്ക്ക് എത്തിയപ്പോൾ നിഥിനോടൊപ്പമുണ്ടായിരുന്ന യുവതിക്ക് സംഭവത്തിൽ ബന്ധമില്ലെന്ന് കണ്ടതിനാൽ വീട്ടുകാരോടൊപ്പം വിട്ടയച്ചു.