
ഒരു ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് പ്രതിവർഷം ഓസ്‌ട്രേലിയയിലെത്തുന്നത്. എന്നാൽ ഉപരിപഠനത്തിനെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അടുത്തിടെ ഓസ്‌ട്രേലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗുണനിലവാരം, അക്കാഡമിക് മെരിറ്റ്, ഇംഗ്ലീഷ് പ്രാവീണ്യം, തൊഴിൽ നൈപുണ്യം എന്നിവയ്ക്ക് പുതിയ സംവിധാനത്തിൽ കൂടുതൽ പ്രാധാന്യം ലഭിക്കും. ഓസ്‌ട്രേലിയയിലേക്കു കടക്കാൻ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഐ.ഇ.എൽ.ടി.എസിന് ഇനി മുതൽ ഉയർന്ന ബാൻഡ് ആവശ്യമാണ്. കുറഞ്ഞത് 6.5 എങ്കിലും നേടിയിരിക്കണം.
കൊവിഡിനുശേഷം തൊഴിൽ ചെയ്യുന്ന സമയക്രമത്തിലുണ്ടായ മാറ്റം പഴയരീതിയിലേക്കു പുനഃസ്ഥാപിച്ചിട്ടുണ്ട്. സ്റ്റുഡന്റ് വിസയിൽ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് ഗവേഷണ പ്രോഗ്രാമുകൾ പഴയ രീതിയിൽ തുടരും. അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിലേക്കാണ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. പ്ലസ് ടുവിനുശേഷം ഓസ്‌ട്രേലിയയിൽ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിന് പോകാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ അക്കാഡമിക് മെരിറ്റും, ഇംഗ്ലീഷ് പ്രാവീണ്യവും വിലയിരുത്തി മാത്രമേ വിസ അനുവദിക്കുകയുള്ളൂ.
ഓസ്‌ട്രേലിയൻ സ്‌കോളർഷിപ്പുകൾ
ഓസ്‌ട്രേലിയയിൽ പെർത്തിലുള്ള യൂണിവേഴ്‌സിറ്റി ഒഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി നിരവധി റിസർച്ച് സ്‌കോളർഷിപ്പുകൾ ഓഫർ ചെയ്യുന്നു. ഗ്ലോബൽ എക്‌സലൻസ് സ്‌കോളർഷിപ്, ഇന്റർനാഷണൽ സ്റ്റുഡന്റ് അവാർഡ്, UWA ഇന്റർനാഷണൽ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കോളർഷിപ്, ഫോറസ്റ്റ് റിസർച്ച് ഫൗണ്ടേഷൻ പി.ജി സ്‌കോളർഷിപ്സ് എന്നിവ ഇവയിൽ ചിലതാണ്. www.uwa.edu.au.
സി.എസ്.ഐ.ആർ നെഹ്‌റു സയൻസ് പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോഷിപ്
സി.എസ്.ഐ.ആർ നെഹ്‌റു സയൻസ് പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷിക്കാം. മികച്ച ഗവേഷകരെ വാർത്തെടുക്കാനായി 100 പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പാണ് അനുവദിക്കുന്നത്. സയൻസ്, എൻജിനിയറിംഗ്, മെഡിസിൻ, അഗ്രികൾച്ചർ തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിനാണ് ഫെലോഷിപ്പുകൾ നൽകുന്നത്. രാജ്യത്തെ സി.എസ്.ഐ.ആർ ലബോറട്ടറികളിൽ ഗവേഷണം നടത്താം. പി എച്ച്ഡി പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 32. പ്രതിമാസം 6,50,00 രൂപ ഫെലോഷിപ് ലഭിക്കും. www.csirhrdg.res.in.