
വ്യാജ പ്രചാരണം: റിപ്പോർട്ട് തേടി ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമെന്നും എല്ലാം കുഴപ്പമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ. കഴിഞ്ഞ ദിവസങ്ങളിലെ തിരക്കിനെക്കുറിച്ച് ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ട് പരിഗണിക്കുന്ന ദേവസ്വം ബെഞ്ചിലാണ് സർക്കാർ ഇക്കാര്യം പറഞ്ഞത്.
നിലയ്ക്കലിലും പമ്പയിലും ഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രാർ ജനറലിന് 300 പരാതികൾ ഇ-മെയിലിൽ ലഭിച്ചെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഇവയിലേറെയും ഹൈക്കോടതി പരിഗണിച്ച് ഉത്തരവുകൾ നൽകിയതാണ്. ഭക്തർക്ക് ഉത്തരവുകൾ വെർച്വൽ ക്യൂ പ്ളാറ്റ്‌ഫാേമിൽ ലഭ്യമാക്കണമെന്നും ഹൈക്കോടതി വെബ്‌സൈറ്റിന്റെ വിവരങ്ങൾ ഇതോടൊപ്പം നൽകണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
പതിനെട്ടാംപടിക്കും ത്രിവേണിപ്പാലത്തിനും സമീപം ഭക്തരെ പൊലീസ് ആക്രമിച്ചെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമുണ്ടെന്ന് സർക്കാർ അറിയിച്ചു. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി സന്നിധാനത്തെ ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു.
പാർക്കിംഗിന് കൂടുതൽ സ്ഥലം
നിലയ്ക്കലിലെ 17 പാർക്കിംഗ് ഗ്രൗണ്ടുകൾക്കു പുറമേ ആറ് പാർക്കിംഗ് സ്ഥലങ്ങൾ കൂടി പത്തനംതിട്ട ആർ.ടി.ഒ കണ്ടെത്തിയിരുന്നു. ഇതിൽ മൂന്നിടത്ത് പാർക്കിംഗ് ഒരുക്കിയെന്നും മൂന്നിടങ്ങളിൽ നടപടി പുരോഗമിക്കുകയാണെന്നും ദേവസ്വം ബോർഡ് അറിയിച്ചു. പള്ളിയറ ദേവീക്ഷേത്ര ഭൂമിയിൽ 50 വാഹനങ്ങൾ പാർക്ക് ചെയ്യാം. നിലയ്ക്കലിൽ ഫാസ് ടാഗ് സ്കാനർ ഉപയോഗിച്ചു പാർക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള രണ്ടാമത്തെ ട്രാക്ക് ഡിസംബർ 16ന് പ്രവർത്തനക്ഷമമാകും.
ഇടത്താവളത്തിൽ ഭക്ഷണം
നൽകണമെന്ന് കോടതി
ശബരിമലയിലെ തിരക്ക് കുറയ്ക്കാൻ ഇടത്താവളങ്ങളിൽ ഭക്തരെ തടഞ്ഞുനിറുത്തുമ്പോൾ അന്നദാനവും വിരിവയ്‌ക്കാനുള്ള സൗകര്യവും ഉറപ്പാക്കണം
നിലയ്ക്കൽ - പമ്പ ചെയിൻ സർവീസിൽ അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രമേ കയറ്റുന്നുള്ളൂവെന്ന് ജില്ലാ കളക്ടറും എസ്.പിയും ഉറപ്പാക്കണം
ദർശനം കഴിഞ്ഞ് മടങ്ങുന്നവരെ നിലയ്ക്കലിലേക്ക് കൊണ്ടുപോകാൻ കൂടുതൽ ബസുകൾ പമ്പയിലെത്തിക്കണം
വെർച്വൽ ക്യൂ ബുക്കിംഗ് എണ്ണം 80,000 എത്തുമ്പോൾ കൂടുതൽ ട്രാൻ. ബസുകൾ ഹിൽടോപ്പിൽ പാർക്ക് ചെയ്യാൻ അനുവദിക്കണം