k

നായാട്ടിലായാലും നടുക്കളത്തിലായാലും നാണിച്ചു നിൽക്കുന്നവനല്ല നാണുവേട്ടനെന്ന് നാട്ടുകാർക്കും ജനതാദളുകാർക്കും ഇപ്പോഴാണ് മനസിലായത്. ദൾ കുടുംബത്തിലെ കാരണവരും കുത്തിത്തിരിപ്പുകളെ കൈയിലിട്ട് അമ്മാനമാടുന്നതിൽ അതിവിദഗ്ദ്ധനുമായ ദേവഗൗഡാജിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാണ് നാണുജി ലോകത്തെ ഞെട്ടിച്ചത്. സാത്വികനായ സിംഹത്തെ ആരും തിരിച്ചറിയാതെ പോയി. മൂന്നു കഷണമായ പാർട്ടിയുടെ നടുത്തുണ്ടം തന്റെ കൈയിലാണെന്ന് നാണുജി പ്രഖ്യാപിച്ചുകഴിഞ്ഞു. കൂട്ടിന് ഗൗഡാജിയുടെ പിറക്കാതെപോയ മകനും കർണാടകയിലെ ജനതാദൾ (എസ്) അദ്ധ്യക്ഷനുമായ സി.എം. ഇബ്രാഹിമുമുണ്ട്. നത്തോലി ഒരു ചെറിയ മീനല്ലാത്തതിനാൽ നടത്തുണ്ടത്തിൽ വലിയ കാര്യമുണ്ട്.
നാണുജിയെ ഗൗഡാജി പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ ഗൗഡാജിയെ അദ്ദേഹത്തിന്റെ ആസ്ഥാനമായ ബംഗളൂരുവിൽ ചെന്ന് ഗെറ്റൗട്ടടിച്ചാണ് നാണുജി തിരിച്ചടിച്ചത്. സിമ്പിളായി പറഞ്ഞാൽ, പുലിമടയിൽ ചെന്ന് പുലിയ ചെവിക്കുപിടിച്ച് പുറത്താക്കി. ഇതെല്ലാംകണ്ട് അന്തംവിട്ടുനിൽക്കുന്ന ദൾ കേരളഘടകം പ്രസിഡന്റ് മാത്യു ടി. തോമസും മന്ത്രി കെ.കൃഷ്ണൻകുട്ടിയും മൗനവ്രതത്തിലാണ്. എന്തെങ്കിലും പറഞ്ഞുപോയാൽ അതു വലിയ വാർത്തയാകും. പ്രസ്ഥാനം ലേശം ചെറുതാണെങ്കിലും ആദർശത്തിന്റെ ആധിക്യമുള്ള നേതാക്കളായതിനാൽ ഗുലുമാലുകൾ പലതാണ്. എന്തുപറഞ്ഞാലും അത് വലിയ വാർത്തയാകും.
ദളിലെ പ്രശ്‌നങ്ങൾ ദേശീയതലത്തിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നതിനാൽ ബി.ജെ.പിക്കും കോൺഗ്രസിനും നല്ല പേടിയുണ്ട്. ഗൗഡാജി ബി.ജെ.പിയുടെ കൂടെ കൂടിയതിനാൽ ശിഷ്യന്മാർ ഇങ്ങോട്ട് പോരുമെന്നാണ് കോൺഗ്രസുകാരുടെ പ്രതീക്ഷ.
പാർട്ടി ചിഹ്നമായ കറ്റയേന്തിയ കർഷകസ്ത്രീയെ ഗൗഡാജി റാഞ്ചിയത് നാണുജിക്ക് ക്ഷീണമായെങ്കിലും നിയമനടപടികളിലൂടെ വീണ്ടെടുക്കാനാണ് ശ്രമം. ചിഹ്നം പോയാലും കസേര പോകരുതെന്നു നിർബന്ധമുള്ളതിനാൽ മാത്യു ടി.തോമസും കൃഷ്ണൻകുട്ടിയും ഇക്കാര്യത്തിലും വാശിപിടിക്കുന്നില്ല. കലർപ്പില്ലാത്ത സോഷ്യലിസ്റ്റുകളുടെ പ്രസ്ഥാനമാണെങ്കിലും ഇനിയുള്ള കാലത്ത് ചില വീണ്ടുവിചാരമൊക്കെ ആകാമെന്ന് ഒരുപാട് വേലികൾ ചാടിക്കടന്നിട്ടുള്ള ഗൗഡാജി ശിഷ്യൻമാരെ ഉപദേശിച്ചെങ്കിലും ഫലമുണ്ടായില്ല. ആരുടെകൂടെ നിൽക്കണമെന്ന കാര്യത്തിൽ തപ്പിത്തടയാതെ, അടുപ്പിൽ തീപുകയണോ വേണ്ടയോ എന്നു മാത്രം ചിന്തിച്ചാൽ റൂട്ട് ക്ലിയറാകുമെന്നും ഇനിയും സമയമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. സോഷ്യലിസത്തിന് സംഘി, മാവോയിസ്റ്റ്, കമ്മ്യൂണിസ്റ്റുകാരൻ, കോൺഗ്രസുകാരൻ എന്നീ വേർതിരിവുകളില്ല. എല്ലാവരെയും സമന്മാരായി കാണുന്നതാണ് യഥാർത്ഥ സോഷ്യലിസം. സോഷ്യലിസ്റ്റുകളുമായുള്ള സഖ്യത്തിലൂടെയും നിരന്തര സമ്പർക്കത്തിലൂടെയും ഇവരെയെല്ലാം ഉത്തമ സോഷ്യലിസ്റ്റുകളായി മാറ്റാനാകും. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി ഇന്നത്തെ സംഘികളെ നാളത്തെ സോഷ്യലിസ്റ്റുകളായി മാറ്റുകയെന്നതാണ് അദ്ദേഹത്തിന്റെ ദൗത്യമെങ്കിലും സ്വന്തം ശിഷ്യൻമാർ പോലും അതു മനസിലാക്കുന്നില്ല. സംഘികൾക്കും ഈ ഗുട്ടൻസ് പിടികിട്ടിയിട്ടില്ല. 'ലോകാസമസ്താ സുഖിനോ ഭവന്തു" എന്ന് ഊണിലും ഉറക്കത്തിലും പ്രാർത്ഥിക്കുന്ന ഒരാൾക്കേ ഇത്തരം ഐഡിയകൾ ഉണ്ടാകൂ.
മൂപ്പരും മോനും കൊച്ചുമോനും ഉൾപ്പെടുന്ന സോഷ്യലിസത്തിൽ വിശ്വസിച്ച് കൂടെനിന്നിട്ട് കാര്യമില്ലെന്ന് സി.എം. ഇബ്രാഹിം ഉപദേശിച്ചതോടെയാണ് നാണുജിയും കൂട്ടരും സടകുടഞ്ഞെഴുന്നേറ്റത്. ഡൽഹിയിൽ പറ്റിക്കൂടി മോൻ കുമാരസ്വാമിക്കൊരു കസേര ഒപ്പിക്കാനാണ് വയസുകാലത്ത് ഗൗഡാജി തത്വജ്ഞാനം വിളമ്പി ഗോദായിലിറങ്ങിയതെന്നും ഇബ്രാഹിം ഓർമ്മിപ്പിക്കുന്നു. ഈ കലാപരിപാടി തുടങ്ങിയിട്ട് കുറേക്കാലമായി. ഗൗഡാജിയും മോനും വടക്കും മാത്യു ടി.തോമസും കൃഷ്ണൻകുട്ടിയും ഇടതന്മാർക്കൊപ്പം തെക്കും ഉറച്ചുനിന്നാൽ നാണുജി എയറിലാകും. സങ്കടപ്പെട്ട് പാർട്ടിയാപ്പീസിൽ ഇരുന്നോളുമെന്ന് സകലരും കരുതിയപ്പോഴാണ് നാണുജി പൂഴിക്കടകൻ പ്രയോഗിച്ചത്. രണ്ടുകൂട്ടർക്കും കൃത്യമായ മറുപടി നല്കി യഥാർത്ഥ സോഷ്യലിസ്റ്റാണെന്ന് തെളിയിക്കാൻ 'ഇന്ത്യ" മുന്നണിയിൽ ചേരാനാണ് തീരുമാനം. വിശാല പ്രതിപക്ഷത്തെ വിശ്വസ്തനായ സോഷ്യലിസ്റ്റായാൽ ദേശീയ നേതാക്കളാകാം. കൊച്ചുകേരളത്തിലെ വലിയ എൽ.ഡി.എഫും ഇന്ത്യാ മുന്നണിയുടെ ഭാഗമായതിനാൽ ആർക്കും ചുമ്മാതങ്ങ് തഴയാനാവില്ല.

പറക്കുന്ന

'ഷൂബോംബ്"

എല്ലാ ആക്രമണരീതികളും പൊട്ടി പാളീസായപ്പോൾ ഭീകരമായ രീതിയിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ യൂത്ത് കോൺഗ്രസുകാർ നീക്കം തുടങ്ങി. 'ഷൂബോംബ്" ആക്രമണത്തിന്റെ ട്രയലാണ് കഴിഞ്ഞദിവസം പെരുമ്പാവൂരിനടുത്ത് ഓടക്കാലിയിൽ നടന്നത്. അതിവേഗമോടുന്ന നവകേരള ബസിനു നേർക്ക് മിസൈലുപോലൊരു ഷൂ പാഞ്ഞുവരികയായിരുന്നു. യഥാസമയം റെഡ് വോളന്റിയർമാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ 'ഷൂബോംബ്" നിർവീര്യമാക്കുകയും എറിഞ്ഞവന്മാരെ കോരിയെടുത്ത് സമീപത്തെ ആഴമുള്ള കനാലിലേക്ക് വിക്ഷേപിക്കുകയും ചെയ്തു. ഷൂബോംബ് പൊട്ടിത്തെറിച്ചാൽ യൂത്തന്മാർക്ക് അപകടമുണ്ടാകാതിരിക്കാനാണ് പട്ടാളക്കാരുടെ ട്രഞ്ചിനേക്കാൾ സുരക്ഷിതമായ കനാലിലിട്ടതെന്നോർക്കണം.

സതീശനും സുധാകരനും പിരികയറ്റിവിടുന്ന പിള്ളേരുടെ വിക്രിയകൾ കണ്ട് ബസിന്റെ മുൻസീറ്റിലിരുന്ന മുഖ്യമന്ത്രിയുടെ കണ്ണ് നിറഞ്ഞുപോയി. ജീവൻ പണയംവച്ച് എന്തൊക്കെയാണ് ഈ കുട്ടികൾ കാട്ടിക്കൂട്ടുന്നത്. ഇന്നത്തെ കുട്ടികൾ നാളത്തെ പൗരന്മാരാണെന്ന ചിന്തപോലും ഇല്ലാതായിരിക്കുന്നു.
ബെൽറ്റ് ബോംബ്, പൈപ്പ് ബോംബ്, ട്രാൻസിസ്റ്റർ ബോംബ് എന്നിവയേക്കാൾ മാരകവും കാണുന്നവരെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ് ഷൂബോംബ്. സാരമില്ല, ഒരു ഷൂവല്ലേയെന്നു നമ്മൾ കരുതും. പക്ഷേ, അകത്ത് മാരകസംഗതികൾ ഒളിപ്പിക്കാനാവും. തമിഴ്പുലികൾ പോലും ഇതേരീതിയിൽ ചിന്തിച്ചിട്ടില്ല. കമ്മ്യൂണിസത്തിന്റെ ഏകവിഹാരകേന്ദ്രമായ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിമാർ യാത്ര ചെയ്യുന്ന ബസിനു നേർക്ക് ആക്രമണം നടത്തി കമ്മ്യൂണിസത്തെ ഉന്മൂലനം ചെയ്യാനായിരുന്നു ശ്രമം. രക്തസാക്ഷികളുടെ പ്രാർത്ഥനകൊണ്ട് അതൊഴിവായി.
അതൊരു കറുത്ത ഷൂവായതിലാണ് സഖാക്കൾക്ക് ഏറെയാശങ്ക. ദ്രാവിഡ കമ്മ്യൂണിസ്റ്റുകാരനായ തമിഴക മുഖ്യന് കറുപ്പ് പെരുത്തിഷ്ടമാണെങ്കിലും സവർണ കമ്മ്യൂണിസ്റ്റുകാർക്ക് കറുപ്പിനോട് വെറുപ്പാണ്. കൊടി, ഷർട്ട്, ടീ ഷർട്ട്, പാന്റ്‌സ്, നഗ്നനേത്രംകൊണ്ടു കാണാവുന്ന മറ്റു വസ്ത്രങ്ങൾ, അലങ്കാരങ്ങൾ തുടങ്ങിയവയ്ക്ക് കറുപ്പ് നിറമായിരിക്കരുതെന്ന് പാർട്ടി പ്രമേയം പാസാക്കിയിട്ടുണ്ട്. തല മൊട്ടയടിച്ചാൽ വളരെ സന്തോഷം. സകല വൃത്തികേടുകളിലും ചവിട്ടിനടക്കുന്ന ഷൂ, മുഖ്യനുനേരെ പ്രയോഗിച്ചതിലൂടെ കേരളത്തെയാണ് കോൺഗ്രസുകാർ അപമാനിച്ചത്.

സ്വപ്നങ്ങൾ

സ്വർഗകുമാരികൾ

കൊച്ചുകേരളത്തിൽ ഇത്രയൊക്കെ സംഭവങ്ങളുണ്ടായിട്ടും പരിവാറുകാർ അറിഞ്ഞമട്ടില്ല. നവകേരളവണ്ടി തടയാനോ കരിങ്കൊടി കാണിക്കാനോ വന്നിട്ടുമില്ല. എൽ.ഡി.എഫിന്റെ പ്രഖ്യാപിത ശത്രുക്കളായാലും അവർക്കു കാര്യവിവരമുണ്ടെന്ന് ചില സഖാക്കൾ തന്നെ സമ്മതിക്കുന്നു. നാട് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് പരിവാരസമേതം കാറിലോ ഹെലികോപ്റ്ററിലോ സഞ്ചരിക്കാൻ അവകാശമുണ്ടെന്ന പക്ഷക്കാരാണ് പരിവാറുകാർ. അതുകൊണ്ട്, ബസ് തടഞ്ഞ് വെറുതേ തല്ലുകൊള്ളേണ്ട കാര്യമില്ല. അടികൊള്ളാൻ കൊച്ചുസംഘികളും നേട്ടമുണ്ടാക്കാൻ യൂത്തന്മാരും കോൺഗ്രസുകാരും എന്ന ഏർപ്പാട് വേണ്ട. ആശയപരമായി ചിന്തിച്ചാൽ സംഘികളും സഖാക്കളുമാണ് യഥാർത്ഥ ചങ്കൻമാർ. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ ഇന്ദിരാപൊലീസിന്റെ ഇടിക്കും ഉരുട്ടലിനും ശേഷം പരസ്പരം തിരുമ്മി ആശ്വസിച്ചിരുന്നവരാണ് സംഘി-കമ്മ്യൂണിസ്റ്റ് സഹോദരങ്ങൾ. ഓസിനു പ്രധാനമന്ത്രിയാകാൻ നടക്കുന്ന ചിലർക്കിട്ട് ആവുന്നതുപോലെ താങ്ങിയും സംഘിബ്രോസ് സഹായിക്കുന്നുണ്ട്.

നവകേരളയാത്ര തടസമില്ലാതെ തലസ്ഥാനത്തെത്താൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും അവരാണ്. അപ്പോഴേക്കും എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന് കമ്മ്യൂണിസ്റ്റുകാർ പറയുന്നതിലാണ് പ്രതീക്ഷ. അങ്ങോട്ടുമിങ്ങോട്ടുമൊക്കെയുള്ള ചാട്ടത്തിൽ കാലിടറി വീഴുന്നവരെ സ്വീകരിക്കാൻ തയ്യാറെടുത്തിരിക്കുകയാണ് പരിവാറുകാർ.