ജലതരംഗം നീന്തൽ പരിശീലനം ഉദ്ഘാടനം നാളെ
കൊച്ചി: അപകടഘട്ടങ്ങളെ നേരിടാൻ വിദ്യാർത്ഥികളെ ശാരീരികവും മാനസികവുമായി സജ്ജരാക്കാൻ ജലതരംഗം നീന്തൽ പരിശീലന പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നു.
ജില്ലാ പഞ്ചായത്തിന്റെ 2023 24 ലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുക.
ആദ്യ ഘട്ടത്തിൽ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള എട്ടു മുതൽ 11 വരെ ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുക.
ജലതരംഗം നീന്തൽ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് കാരിക്കോട് ഗവ. യു.പി. സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ദുരന്തനിവാരണ സമിതി മെമ്പർ സെക്രട്ടറി ശേഖർ എൽ. കുര്യാക്കോസ് നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിക്കും. കളക്ടർ എൻ.എസ്.കെ. ഉമേഷ് മുഖ്യാതിഥിയാകും. മുളന്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ഷാജി മാധവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി പദ്ധതി വിശദീകരിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം, സ്ഥിരം സമിതി അംഗങ്ങളായ റാണിക്കുട്ടി ജോർജ് , കെ.ജി. ഡോണോ, ആശ സനിൽ, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം ഷെഫീഖ്, ഡെപ്യൂട്ടി കളക്ടർ കെ. ഉഷാ ബിന്ദുമോൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. ഫാത്തിമ തുടങ്ങിയവർ പങ്കെടുക്കും.
പദ്ധതി ലക്ഷ്യങ്ങൾ
വിദ്യാർത്ഥികളെ ശാരീരികമാനസിക ആരോഗ്യം ഉള്ളവരാക്കുക
അപകടങ്ങളെ മനസാന്നിദ്ധ്യത്തോടെ നേരിടാൻ പ്രാപ്തരാക്കുക
നിശ്ചയദാർഢ്യത്തോടെ പെരുമാറാൻ കഴിവുള്ളവരാക്കുക