കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് 12ാം വാർഡ് അംഗം മൂന്നു മാസത്തേക്ക് അവധിയെടുത്തതിനാൽ വൈസ് പ്രസിഡന്റിന് ചുമതല നൽകി എന്ന പ്രചാരണം തെറ്റാണെന്ന് പഞ്ചായത്ത് സെക്രട്ടറി ദീപു ദിവാകരൻ പറഞ്ഞു. ഇതു സംബന്ധിച്ച ഒരു തീരുമാനവും പഞ്ചായത്ത് കമ്മിറ്റി കൈക്കൊണ്ടിട്ടില്ല. പഞ്ചായത്ത് രാജ് നിയമമനുസരിച്ച് ഗ്രാമസഭ നടക്കുമ്പോൾ മാത്രമാണ് അംഗം സ്ഥലത്ത് ഇല്ലെങ്കിൽ പ്രസിഡന്റിന് കൺവീനറായി മറ്റൊരാളെ ശുപാർശ ചെയ്യാനുള്ള അധികാരമുള്ളത്. മൂന്നു മാസത്തേക്ക് ലീവ് വേണമെന്ന് അംഗമായ നിസാർ ഇബ്രാഹിം കത്ത് നൽകിയിട്ടുള്ളതാണെന്നും സെക്രട്ടറി പറഞ്ഞു. വാർഡിന്റെ ചുമതല മറ്റൊരാൾക്ക് കൈമാറി എന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമാണ്. മൂന്ന് മാസത്തേക്ക് അവധി അപേക്ഷ നൽകിയാണ് മെമ്പർ വിദേശത്തേക്ക് പോയത്. വാർഡിലെ മുഴുവൻ കാര്യങ്ങൾക്കുമായി ജനസേവന കേന്ദ്രവും വീട്ടുമുറ്റ സേവനവും പതിനൊന്ന് പേരടങ്ങുന്ന വാർഡ് വികസന സമിതിയുമുണ്ട്. വാർഡുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഗൂഗിൾ മീറ്റ് സംഘടിപ്പിച്ച് സേവനങ്ങളിൽ സജീവമാണെന്നും പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം പറഞ്ഞു.