കൊച്ചി:എരുമേലിയിൽ പാർക്കിംഗിന് അമിത ഫീസ് ഈടാക്കുന്നെന്ന ഭക്തരുടെ പരാതിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. ഇന്നലെ രാവിലെ ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ ദേവസ്വം ബെഞ്ച് ഇക്കാര്യത്തിൽ എരുമേലി ഗ്രാമപഞ്ചായത്തിന്റെ വിശദീകരണം തേടി. ദേവസ്വം ബോർഡിന്റെ പാർക്കിംഗ് ഗ്രൗണ്ട് പാട്ടത്തിനെടുത്ത വ്യക്തി അമിത ഫീസ് ഈടാക്കിയതിന് 5,000 രൂപ പിഴ ചുമത്തിയതായി ഉച്ചകഴിഞ്ഞു ഹർജി പരിഗണിച്ചപ്പോൾ അധികൃതർ അറിയിച്ചു. എരുമേലിയിലെ സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ടുകളിൽ ആറെണ്ണത്തിന് മാത്രമേ ലൈസൻസുള്ളൂ എന്നും മറ്റ് ഗ്രൗണ്ടുകളുടെ ഉടമസ്ഥർക്ക് നോട്ടീസ് നൽകുമെന്നും പഞ്ചായത്ത് സെക്രട്ടറി വിശദീകരിച്ചു..

എരുമേലിയിലെ ടോയ്‌ലെറ്റ് കോംപ്ളക്സുകളിൽ അമിത ഫീസ് വാങ്ങുന്നതായി പരാതിയുണ്ടെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇവ പാട്ടത്തിനെടുത്തവരോട് നേരത്തെ നിശ്ചയിച്ച ഫീസേ വാങ്ങാവൂ എന്ന് നിർദ്ദേശിക്കണമെന്നും വ്യക്തമാക്കി.

ഭക്ഷണശാലകളിൽ വൃത്തി ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

മാന്യമായ പെരുമാറ്റം

കഴിഞ്ഞ തവണ സോപനത്തിനു മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഭക്തരോട് മോശമായി പെരുമാറിയ സംഭവമുണ്ടായെങ്കിലും ഇത്തവണ മികച്ച പെരുമാറ്റമാണെന്ന് ഹൈക്കോടതി പറഞ്ഞു. ദൃശ്യങ്ങളിൽ നിന്ന് ഇത് മനസിലാവും. എൺപതു പിന്നിട്ട ഒരു ഭക്ത തനിച്ചു ദർശനത്തിനു വന്നതിന്റെ ദൃശ്യങ്ങൾ ടിവിയിൽ കണ്ടു. അവരെ പ്രത്യേക പരിഗണനയോടെ കൂട്ടിക്കൊണ്ടു പോകുന്നതും കണ്ടു. തനിച്ചാണോ വന്നതെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'അയ്യപ്പൻ കൂട്ടിനുണ്ടെ"ന്നായിരുന്നു മറുപടി. അത്രമേൽ ഭക്തിയോടെയാണ് ആളുകൾ ദർശനത്തിനെത്തുന്നതെന്നും അവർക്കു സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.