കൊച്ചി: ആലുവ, അങ്കമാലി റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ധൈര്യമായി ഭക്ഷണം കഴിക്കാം. രാജ്യത്തെ മികച്ച നിലവാരമുള്ള ഭക്ഷണം നൽകുന്ന റെയിൽവേ സ്റ്രേഷനുകളുടെ പട്ടികയിൽ ഇടംനേടിയിരിക്കുകയാണ് ആലുവ, അങ്കമാലി റെയിൽവേ സ്റ്റേഷനുകൾ.
എഫ്.എസ്.എസ്.എ.ഐയുടെ ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരമാണ് ഇരു സ്റ്റേഷനുകൾക്കും ലഭിച്ചത്. കേരളത്തിലെ 21 സ്റ്റേഷനുകൾക്ക് ഈ അംഗീകാരം ലഭിച്ചു.
ഭക്ഷ്യ സുരക്ഷാ സൂചികയിൽ അടുത്തിടെ കേരളം ദേശീയ തലത്തിൽ ആദ്യമായി ഒന്നാം സ്ഥാനം നേടിയിരുന്നു. മുൻ വർഷത്തെ വരുമാനത്തെക്കാൾ 193 ശതമാനം അധിക വരുമാനം നേടി 2022-23 കാലയളവിൽ റെക്കാഡിട്ടു. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമായി.
മാനദണ്ഡങ്ങൾ
റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലെ റീട്ടെയിൽ ഔട്ട്‌ലെറ്റ്, റീട്ടെയിൽ കം കാറ്ററിംഗ് സ്ഥാപനം, ഫുഡ് പ്ലാസ, ഫുഡ് കോർട്ടുകൾ റെസ്റ്റോറന്റുകൾ, പെറ്റി ഫുഡ് വെണ്ടർമാർ, സ്റ്റാളുകൾ, കിയോസ്‌കുകൾ, കൂടാതെ സ്റ്റേഷൻ യാർഡിലെ വെയർഹൗസ്, ബേസ് കിച്ചൺ തുടങ്ങിയവയെല്ലാം ഈ പദ്ധതിയുടെ കീഴിൽ വരുന്നവയാണ്. ഇവിടെയെല്ലാം ഭക്ഷ്യ സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും യാത്രക്കാർക്ക് ഭക്ഷണം നൽകുമ്പോഴും സുരക്ഷാ മാനദണ്ഡം പാലിക്കുന്നുണ്ടെന്നും എഫ്.എസ്.എസ്.എ.ഐ ഉറപ്പ് വരുത്തിയ ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഈ പദ്ധതി പ്രകാരം സർട്ടിഫൈ ചെയ്യണമെങ്കിൽ സ്റ്റേഷൻ കോംപ്ലക്‌സിലെ മുഴുവൻ ഭക്ഷ്യ സംരംഭകരും എഫ്.എസ്.എസ്.എ.ഐ റജിസ്‌ട്രേഷനോ ലൈസൻസോ നിർബന്ധമായും എടുത്തിരിക്കണം. കുടാതെ സ്റ്റേഷനിലെ സ്ഥാപനങ്ങളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നവർ എഫ്.എസ്.എസ്.എ.ഐയുടെ ഫോസ്റ്റാക് പരിശീലനം ലഭിച്ച സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ടാവണം.
..........................................................................
കേരളത്തിലെ 21 സ്റ്റേഷനുകൾ
യാത്രക്കാർക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) നേതൃത്വത്തിലുള്ള ഈറ്റ് റൈറ്റ് ഇന്ത്യാ മൂവ്‌മെന്റിന് കീഴിലുള്ള സംരംഭങ്ങളിലൊന്നായ ഈറ്റ് റൈറ്റ് റെയിൽവേ സ്റ്റേഷൻ പദ്ധതിയിലാണ് കേരളത്തിലെ 21 സ്റ്റേഷനുകൾക്ക് അംഗീകാരം ലഭിച്ചത്. രാജ്യത്ത് 114 റയിൽവേ സ്റ്റേഷനുകൾക്കാണ് ഈറ്റ് റൈറ്റ് സ്റ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ അംഗീകാരം ലഭിച്ചത് കേരളത്തിനാണ്.
114
രാജ്യത്ത് 114 റയിൽവേ സ്റ്റേഷനുകൾക്കാണ്
ഈറ്റ് റൈറ്റ് സ്റ്റേഷൻ സർട്ടിഫിക്കറ്റ്