
കൊച്ചി:കളമശേരി ബോംബ് സ്ഫോടനത്തെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ തനിക്കെതിരെ എടുത്ത കേസുകൾ റദ്ദാക്കാനുള്ള കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഹർജികൾ ഹൈക്കോടതി ജനുവരി 18 ലേക്ക് മാറ്റി. ഹർജിക്കാരനെതിരെ കർശന നടപടികളുണ്ടാവരുതെന്ന ഇടക്കാല ഉത്തരവിന്റെ കാലാവധിയും നീട്ടി. ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
മതസൗഹാർദ്ദം തകർത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചെന്നാരോപിച്ച് കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ.പി. സരിനും കൊച്ചി സിറ്റി സൈബർ സെൽ ഇൻസ്പെക്ടറും നൽകിയ പരാതികളിൽ എറണാകുളം സെൻട്രൽ പൊലീസ് രണ്ടു കേസുകളാണെടുത്തത്. സർക്കാരിനെയാണ് താൻ വിമർശിച്ചതെന്നും എഫ്.ഐ.ആറിൽ പറയുന്നപോലെ മതസൗഹാർദ്ദം തകർത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖറിന്റെ ഹർജിയിൽ പറയുന്നു.
ലക്ഷദ്വീപ് സിലബസ് നിർദ്ദേശം: മന്ത്രി
ശിവൻകുട്ടി കേന്ദ്രമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: ലക്ഷദ്വീപിലെ കുട്ടികളുടെ വിദ്യാഭ്യാസവും അവകാശങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കേന്ദ്രവിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. ലക്ഷദ്വീപിലെ കുട്ടികൾ സി.ബി.എസ്.ഇ സിലബസ് മാത്രം പഠിക്കണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നിർദ്ദേശത്തിൽ ആശങ്കയറിയിച്ചാണ് കത്ത്. നിർദ്ദേശം ആശങ്കാജനകമാണെന്നും വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന തരത്തിൽ നിർദ്ദേശം പുനഃപരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.