ആലുവ: ആലുവയിൽ കോൺഗ്രസ് എ-ഐ ഗ്രൂപ്പുകൾ തമ്മിലെ ചക്കളത്തിപ്പോര് തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന ആലുവ ബ്ളോക്ക് കമ്മിറ്റി യോഗം എ ഗ്രൂപ്പ് ബഹിഷ്കരിച്ചു. എന്നാൽ തീരുമാനങ്ങളും ചർച്ചകളും അറിയാൻ രണ്ട് ചാരന്മാരെ എ ഗ്രൂപ്പുകാർ യോഗത്തിലേക്ക് അയച്ചെന്നും ആരോപണമുണ്ട്.

ആലുവ നിയോജക മണ്ഡലത്തിലെ ചൂർണിക്കര, ചെങ്ങമനാട്, കാഞ്ഞൂർ മണ്ഡലം കമ്മിറ്റികൾ ഐ ഗ്രൂപ്പ് പിടിച്ചെടുത്തതിന്റെ പേരിലാണ് എ ഗ്രൂപ്പ് നിസഹകരിക്കുന്നത്. പിടിച്ചെടുത്ത കമ്മിറ്റികളുടെ അദ്ധ്യക്ഷന്മാർക്ക് ചുമതല കൈമാറേണ്ടതില്ലെന്നാണ് എ ഗ്രൂപ്പ് തീരുമാനം. ഇതേതുടർന്ന് കഴിഞ്ഞ ശനിയാഴ്ച ചേർന്ന നെടുമ്പാശേരി ബ്ളോക്ക് കമ്മിറ്റി യോഗം ചെങ്ങമനാട് (എ.സി. ശിവൻ), കാഞ്ഞൂർ (സി.കെ. ഡേവിസ്) മണ്ഡലം പ്രസിഡന്റുമാർക്ക് ചുമതല നേരിട്ട് കൈമാറി.

ബുധനാഴ്ച നടന്ന ആലുവ ബ്ളോക്ക് കമ്മിറ്റി യോഗം ചൂർണിക്കര മണ്ഡലം പ്രസിഡന്റ് സി.പി. നാസറിനും ചുമതല നേരിട്ട് കൈമാറി. ഇവിടെ എ ഗ്രൂപ്പിലെ കെ.കെ. ജമാൽ ആയിരുന്നു പ്രസിഡന്റ്. ഡി.സി.സി പ്രസിഡന്റിന്റെ മണ്ഡലം എന്ന നിലയിലാണ് സി.പി. നാസറിന് നറുക്കുവീണത്. ഇത് അംഗീകരിക്കാത്തതിനാൽ എ ഗ്രൂപ്പ് ചുമതല കൈമാറുകയോ മണ്ഡലം കമ്മിറ്റിയുടെ മിനിറ്റ്സ് ബുക്കുകൾ നൽകുകയോ ചെയ്തില്ല. ആലുവയിൽ എ ഗ്രൂപ്പ് നിർദ്ദേശിച്ചയാളെ പ്രസിഡന്റാക്കാതെ അതേ ഗ്രൂപ്പിൽപ്പെട്ട മറ്റൊരാളെ നിയമിച്ചതിലും എതിർപ്പുയർന്നിട്ടുണ്ട്. അതിനാൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ചുമതല കൈമാറ്റം തിങ്കളാഴ്ച്ചയിലേക്കും മാറ്റി.

30ലേറെ ബ്ളോക്ക് ഭാരവാഹികളും പോഷസംഘടന ഭാരവാഹികളും ഉൾപ്പെടെ പങ്കെടുക്കേണ്ട ബ്ളോക്ക് കമ്മിറ്രിയിൽ ആകെയെത്തിയത് 20 പേരാണ്. ഇതിൽ പി.പി. ജെയിംസ്, കെ. അജിത് കുമാർ എന്നിവരാണ് എ ഗ്രൂപ്പുകാർ. ബ്ളോക്ക് പ്രസിഡന്റ് പി.എ. മുജീബ് അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, എം.എ. ചന്ദ്രശേഖരൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, എം.ജെ. ജോമി എന്നിവർ സംസാരിച്ചു.