വരാപ്പുഴ: പത്തു ദിവസം നീണ്ടുനിൽക്കുന്ന വരാപ്പുഴ ടൂറിസം ഫെസ്റ്റ് 22ന് തുടങ്ങും. വൈകിട്ട് നാലിന് വരാപ്പുഴ പഞ്ചായത്ത് ജംഗ്ഷനിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ഘോഷയാത്രയിൽ വൈവിധ്യമാർന്ന കലാരൂപങ്ങൾ അണിനിരക്കും. തുടർന്ന് ഗ്രൗണ്ടിലെ പ്രധാന വേദിയിൽ ക്ലാസിക്കൽ ഫ്യൂഷനും കൊച്ചിൻ മ്യൂസിക് ട്രാക്കിന്റെ ഗാനമേളയും ഉണ്ടാകും. 23 രാത്രി ഏഴിനാണ് ഉദ്ഘാടന സമ്മേളനം. ഫെസ്റ്റിനോടനുബന്ധിച്ച് 23ന് രാത്രി എട്ടിന് ചാലക്കുടി ഉണർത്തിന്റെ നാടൻപാട്ടും ദൃശ്യാവിഷ്കാരവും, 24ന് രാത്രി ഏഴിന് കാക്ക മ്യൂസിക് ബാൻ‌ഡിന്റെ ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ നൈറ്റ്, 25ന് താമരശേരി ചുരം ബാൻ‌ഡിന്റെ മെഗാ മ്യൂസിക്കൽ നൈറ്റ്, 26ന് രാത്രി ഏഴിന് ബിനു അടിമാലിയും സംഘവും അവതരിപ്പിക്കുന്ന മെഗാ കോമഡി ഷോ, 27ന് പാലാപ്പിള്ളി ഫെയിം അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ്, 28ന് പയ്യപ്പിള്ളി തമ്പി ആശാനും സംഘവും അവതരിപ്പിക്കുന്ന ചവിട്ടുനാടകം, 29ന് കൊല്ലം അനശ്വര തീയേറ്റർ അവതരിപ്പിക്കുന്ന നാടകം, 30ന് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്കാരവും, 31ന് ഡി.ജെ നൈറ്റ് എന്നിവയുണ്ടാകും. പ്രാചീന സവാരികൾ, നാടൻ ഭക്ഷ്യമേള, അമ്യൂസ്മെന്റ് പാർക്ക്, ഗോസ്റ്റ് ഹൗസ്, ഫിഷ് മസാജിംഗ്, വാണിജ്യമേള, നാട്ടങ്ങാടി, കരകൗശല വസ്തുക്കളുടെ പ്രദർശനം എന്നിവയും ഫെസ്റ്റിന് മികവേകും. പ്രദർശന നഗരിയിലേക്കുള്ള പ്രവേശനം സൗജന്യം. ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു റാണി ജോസഫ്, വൈസ് പ്രസിഡന്റ് ജോൺസൺ പുനത്തിൽ, ജനറൽ കൺവീനർ ടി.പി.പോളി, ചീഫ് കോ ഓർഡിനേറ്റർമാരായ കെ.വി. രാജശേഖരൻ, കെ.കെ. ശശിനാഥ് എന്നിവർ പങ്കെടുത്തു. വരാപ്പുഴ പഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.