gopi

കൊച്ചി: സ്വാതന്ത്ര്യസമരസേനാനിയും സി.പി.ഐ നേതാവുമായിരുന്ന എസ്.ശിവശങ്കരപ്പിള്ളയുടെ സ്മരണാർത്ഥം എസ്.ശിവശങ്കരപ്പിള്ള സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് കവിയും ചലച്ചിത്രഗാന രചയിതാവുമായ പി.കെ.ഗോപി അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 17ന് രാവിലെ 10ന് പുല്ലുവഴി പി.കെ.വി സ്മാരക മന്ദിരത്തിൽ പന്ന്യൻ രവീന്ദ്രൻ നൽകും. പന്ന്യൻ രവീന്ദ്രൻ, പ്രൊഫ. കെ.അരവിന്ദാക്ഷൻ, ഡോ. ജോർജ് കെ.ഐസക് എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്. കേന്ദ്രസാഹിത്യ അക്കാഡമി, കേരള സാഹിത്യ അക്കാഡമി, പ്രഥമ ഒ.എൻ.വി മെമ്മോറിയൽ, മുണ്ടശ്ശേരി മെമ്മോറിയൽ, മഹാകവി വെണ്ണിക്കുളം അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ കവിയാണ് പി.കെ.ഗോപി. പത്തനംതിട്ട കൊടുമൺ അങ്ങാടിക്കൽ സ്വദേശിയാണ്. വർഷങ്ങളായി കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപമാണ് താമസിക്കുന്നത്.