p

കൊച്ചി: വിദേശത്ത് മസാലബോണ്ടിറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടോയെന്ന് അന്വേഷിക്കാൻ കിഫ്ബി ഉദ്യോഗസ്ഥർക്കും മുൻമന്ത്രി ഡോ. തോമസ് ഐസക്കിനും നൽകിയ സമൻസുകൾ പിൻവലിക്കുമെന്ന് ഇ.ഡി ഹൈക്കോടതിയിൽ അറിയിച്ചു. ഇ.ഡി തുടർച്ചയായി സമൻസ് അയക്കുന്നതിനെ ചോദ്യം ചെയ്ത് തോമസ് ഐസക്കും കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹാം, ജോയിന്റ ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവരും നൽകിയ ഹർജികളിലെ തുടർ നടപടികൾ ഈ വിശദീകരണം രേഖപ്പെടുത്തി സിംഗിൾബെഞ്ച് അവസാനിപ്പിച്ചു.

അതേസമയം, അന്വേഷണം വിലക്കണമെന്ന കിഫ്ബിയുടെ ആവശ്യം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അനുവദിച്ചില്ല. അന്വേഷണ വിവരങ്ങൾ ഇ.ഡി വെളിപ്പെടുത്താത്ത സാഹചര്യത്തിലാണിത്. പരാതി സ്ഥാപിച്ചെടുക്കാനുള്ളതും വസ്തുതകളുമായി ബന്ധമില്ലാത്ത തരത്തിലുള്ളതുമായ അന്വേഷണം ഇ.ഡി നടത്തരുത്. മസാലബോണ്ടിൽ ഇ.ഡി അന്വേഷണം തുടരണോ വേണ്ടയോ എന്ന് ഹർജികളിൽ പരിശോധിച്ചിട്ടില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.

വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടെ ചോദിച്ച് സമൻസ് നൽകുന്നത് നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക് ഹർജി നൽകിയത്. തുടർച്ചയായി സമൻസ് നൽകി ബുദ്ധിമുട്ടിക്കുന്നെന്നായിരുന്നു കിഫ്ബിയുടെ ആരോപണം.

അന്വേഷണ വിവരങ്ങൾ മുദ്രവച്ച കവറിൽ നൽകാമെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ അഡി. സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ വ്യക്തമാക്കിയെങ്കിലും ഹൈക്കോടതി നിരസിച്ചു. ഹർജിക്കാർക്കു വേണ്ടി സുപ്രീം കോടതി അഭിഭാഷകരായ അരവിന്ദ് പി.ദത്താർ, ജയ്‌ദീപ് ഗുപ്‌ത എന്നിവർ ഹാജരായി.