r
ഇരുമ്പനം മൃദുല സ്പർശം സ്പെഷ്യൽ സ്‌കൂൾ കുട്ടികൾ വൃശ്ചികോൽസവം ദർശിക്കാൻ പൂർണത്രയീശ ക്ഷേത്രത്തിൽ

തൃപ്പൂണിത്തുറ: ഇരുമ്പനം മൃദുല സ്പർശം സ്പെഷ്യൽ സ്‌കൂൾ കുട്ടികൾക്ക് ഇക്കുറി വൃശ്ചികോത്സവം നവ്യാനുഭൂതിയായി. പൂർണത്രയീശ ക്ഷേത്രത്തിൽ തന്നെ ഇതാദ്യമായാണ് ഇത്തരത്തിൽ സ്കൂൾ കുട്ടികൾ ഒരുമിച്ച് ഉത്സവം കാണാൻ വരുന്നത്.

രാവിലെ അദ്ധ്യാപകരും രക്ഷിതാക്കളുമൊപ്പം ക്ഷേത്രത്തിലെത്തിയ വിദ്യാർത്ഥികൾ പ്രശസ്ത കലാകാരൻ പെരുവനം സതീശൻ മാരാരുടെ പ്രമാണത്തിൽ അവതരിപ്പിച്ച പഞ്ചാരിമേളം ആസ്വദി​ച്ചു. 15 ആനകളുടെ ശീവേലി, ഓട്ടം തുള്ളൽ എന്നിവയും കുട്ടികൾക്ക് നവ്യാനുഭവമായി.

കൗൺസിലർ രാധികാ വർമ്മ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.ജി മധുസൂദനൻ, സെക്രട്ടറി പ്രകാശ് അയ്യർ, ഓഫിസർ സുധീർ മേലേപ്പാട്ട് എന്നിവരുടെ നേതൃത്വത്തിൽ ഉത്സവ കമ്മി​റ്റി അംഗങ്ങൾ എല്ലാ സഹായവും ഒരുക്കി. വീൽ ചെയർ ഉപയോഗിക്കുന്ന കുട്ടികൾക്കും സ്കൂളിൽ നിന്ന് വന്ന എല്ലാവർക്കും തിരക്കിൽ പെടാതെ ഉത്സവം ആഘോഷിക്കുവാൻ പ്രത്യേക വഴിയും സൗകര്യങ്ങളും സന്നദ്ധ പ്രവർത്തകർ ഒരുക്കിയിരുന്നു.

വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷം ഓട്ടൻതുള്ളലും കണ്ടാണ് കുട്ടികൾ മടങ്ങിയത്. വിദ്യാർത്ഥികളും ജീവനക്കാരും രക്ഷിതാക്കളും ഉൾപ്പടെ 50 പേർ ഉണ്ടായിരുന്നു.

---++--+-+++++++++++

ഇന്നത്തെപരിപാടി

ഏഴാം ദിവസം വലിയ വിളക്ക് 7.30 ന് ശീവേലി, കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം, 12 മുതൽ 4.30 വരെ ഓട്ടൻ തുള്ളൽ, 3 ന് ഭവൻസ് വിദ്യാമന്ദിറിലെ വിദ്യാർത്ഥികളുടെ ഭജന, 4 ന് സുലേഖ വർമ്മയുടെ വയലിൻ കച്ചേരി, 5 ന് സ്പെഷ്യൽ നാദസ്വരം, 6.30 ന് ജെ.ബി. ശ്രുതിസാഗറുടെ പുല്ലാങ്കുഴൽ കച്ചേരി, 7 ന് വിളക്കിനെഴുന്നളിപ്പ്, 9 ന് മല്ലാഡി സഹോദരന്മാരുടെ സംഗീത കച്ചേരി (എം. ശ്രീരാംപ്രസാദ് ആൻഡ് ഡോ. എം. രവികുമാർ), 12 ന് കഥകളി: കുചേലവൃത്തം, കിരാതം.