മണ്ണൂർ: ഭാരവാഹനങ്ങളുടെ നിയമം ലംഘിച്ചുള്ള സഞ്ചാരം

കീഴില്ലം ത്രിവേണി റോഡിനെ അപകടപാതയാക്കുന്നു. ഭാരവാഹനങ്ങളുടെ അനധികൃത സഞ്ചാരം സംബന്ധിച്ച് നിരവധി പരാതി നൽകിയിട്ടും അധികൃതർ അനങ്ങാപ്പാറം നയം തുടരുകയാണ്. അമിതഭാരവുമായി ടോറസ്, കണ്ടെയ്‌നർ ലോറികളുടെ പാച്ചിലിനെതിരെ നാട്ടുകാർ നാളുകളായി പ്രക്ഷോഭം നടത്തുന്നുണ്ട്.

റോഡ് ബി.എം, ബി.സി നിലവാരത്തിൽ പൂർത്തിയായശേഷമാണ് അപകടങ്ങൾ പെരുകിയത്. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധിപേർ സഞ്ചരിക്കുന്ന റോഡാണിത്. റോഡിന് സമീപത്തെ അ‌ഞ്ച് കുടുംബങ്ങളും ദുരന്ത ഭീതിയിലാണ് കഴിയുന്നത്. റോഡിന്റെ ഭാഗമായുള്ള പുളിക്കക്കൂടിപടിയിലുള്ള പ്രധാന പാലവും അപകട ഭീഷണിയിലാണ്.

റോഡിൽ അപകടങ്ങൾ തുടർച്ചയായി നടക്കുന്നതായി നാട്ടുകാർ പറയുന്നു.

ഏറ്റവും ഒടുവിൽ അമിത വേഗത്തിൽ പോയ ലോറിയിൽ നിന്ന് കണ്ടെയ്നർ തെന്നിമാറി റോഡിൽ വീണു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. കണ്ടെയ്നർ മറിഞ്ഞതിന് 50 മീറ്റർ അകലെ രണ്ടുപേർ നടന്നു പോകുന്നുണ്ടായിരുന്നു. ഇവർ ഓടിമാറി രക്ഷപ്പെട്ടു. താെട്ടടുത്ത് ഇരുചക്ര വാഹനയാത്രക്കാരനുമുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 6.15നാണ് അപകടം നടന്നത്. പായിപ്ര ഭാഗത്തെ ഫാക്ടറിയിലേക്ക് പ്ലൈവുഡ് എടുക്കാൻ പോകുകയായിരുന്നു ലോറി. എം.സി റോഡിൽ നിന്ന് 200 മീ​റ്റർ മാറി റോഡ് സൈഡിൽ അപകടകരമായ വിധമുള്ള കലുങ്കിൽ ഇടിച്ചതാണ് കണ്ടെയ്നർ മറിയാൻ കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

കണ്ടെയ്‌നർ മറിഞ്ഞതിനെ തുടർന്ന് മൂന്നുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധവും നടന്നു. കുറുപ്പംപടി പൊലീസെത്തി ഏറെ നേരം നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രശ്നം പരിഹരിച്ചത്. കണ്ടെയ്‌നർ നാട്ടുകാർ പിടിച്ചെടുത്തിരുന്നു. സമവായ ചർച്ചയ്ക്കൊടുവിലാണ് ലോറി പൊലീസ് കസ്​റ്റഡിയിൽ വിട്ടുനൽകിയത്. തുടർന്ന് രണ്ട് ക്രെയിനുകൾ കൊണ്ടുവന്ന് കണ്ടെയ്‌നർ സമീപത്തെ പുരയിടത്തിലേക്ക് മാ​റ്റിയിട്ടു. എട്ട് ടൺ ഭാരമുള്ള വാഹനങ്ങൾ പോകാൻ അനുമതിയുള്ള റോഡിലൂടെ നാലിരട്ടി ഭാരവുമായാണ് ലോറികൾ പായുന്നത്. കഴിഞ്ഞയാഴ്ച്ച ത്രിവേണി ഭാഗത്ത് ടോറസ് ലോറി റോഡിന്റെ ഒരുവശത്തേക്ക് ചരിഞ്ഞിരുന്നു. ഇതോടെ റോഡിന്റെ അരികിടിഞ്ഞ് അപകടാവസ്ഥയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പഞ്ചായത്ത് അംഗം ജോയ് പതിക്കലിന്റെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.

പ്രദേശവാസികളുടെ പരാതികൾ അടക്കം ഉൾപ്പെടുത്തിയാണ് ഹർജി നൽകുന്നത്. പേരും മേൽവിലാസവും ഉൾപ്പെടുത്തി ഒപ്പിട്ട പരാതികൾ 31ന് മുമ്പ് നേരിട്ട് ഏൽപ്പിക്കുകയോ 9497426471 എന്ന വാട്‌സാപ്പ് നമ്പറിൽ അയയ്ക്കുകയോ വേണം.

ജോയ് പതിക്കൽ