കൊച്ചി: പത്തുവയസുകാരിയായ മകൾ വൈഗയെ പിതാവ് സനുമോഹൻ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം മുട്ടാർ പുഴയിലെറിഞ്ഞ കേസിന്റെ വിചാരണ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയിൽ തുടങ്ങി. ഇന്നലെ പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾക്കുശേഷം കേസ് 19 ലേക്ക് മാറ്റി. പ്രതിയുടെ റിമാൻഡ് കാലാവധിയും നീട്ടിയിട്ടുണ്ട്.
2021 മാർച്ച് 22നാണ് വൈഗയെ മുട്ടാർപുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആലപ്പുഴയിലെ അമ്മവീട്ടിൽനിന്ന് വൈഗയെ കങ്ങരപ്പടിയിലെ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുവന്ന സനുമോഹൻ കുട്ടിക്ക് സോഫ്റ്റ്ഡ്രിങ്കിൽ മദ്യംചേർത്തുനൽകി അബോധാവസ്ഥയിലാക്കിയശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നും പിന്നീട് മുട്ടാർപുഴയിൽ എറിഞ്ഞെന്നുമാണ് കേസ്. വൻ കടബാദ്ധ്യതകളിൽനിന്ന് രക്ഷപ്പെടാൻ ഒളിവിൽപ്പോകാൻ തീരുമാനിച്ച സനുമോഹൻ താൻ ഒളിവിൽപ്പോയാൽ ഭാര്യയും ബന്ധുക്കളും മകളെ നന്നായി നോക്കില്ലെന്ന് ചിന്തിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. കൊലപാതകത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ കർണാടകത്തിൽനിന്നാണ് അറസ്റ്റുചെയ്തത്.