കൊച്ചി: ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷനിലെ മാലിന്യസംസ്‌കരണം, ഡെങ്കിപ്പനി വ്യാപനം എന്നിവയെച്ചൊല്ലി കൗൺസിൽ യോഗത്തിൽ ഭരണ, പ്രതിപക്ഷങ്ങൾ തമ്മിൽ തർക്കം. ബയോമൈനിംഗ് കരാർ ഏറ്റെടുത്ത കമ്പനി നിബന്ധനകൾ ലംഘിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു.

കരാർ പ്രകാരം ബ്രഹ്മപുരത്ത് 50,000 ചതുരശ്രയടി വിസ്തൃതിയുള്ള പുതിയ ഷെഡ് നിർമ്മിച്ച് ഇതിൽ ബയോമൈനിംഗ് മെഷീനുകൾ സ്ഥാപിക്കണം. പൂനെ ആസ്ഥാനമായ ഭൂമി ഗ്രീൻ എനർജി കമ്പനി ചതുപ്പുനിലമായതിനാൽ ഷെഡ് നിർമ്മിക്കാൻ സാധിക്കുന്നില്ലെന്നു കാട്ടി കോർപ്പറേഷന്റെ ഷെഡിൽ ഉപകരണങ്ങൾ സ്ഥാപിച്ചു. ഇത് കൗൺസിൽ അറിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടിൽ എന്നിവർ ആരോപിച്ചു.

ബയോമൈനിംഗിനായി 16 മാസം മതിയാകില്ല. ഇത് ഭീമമായ നഷ്ടമുണ്ടാക്കും. കരാർ കമ്പനിക്ക് അമിതലാഭം നേടിക്കൊടുക്കാനാണ് മേയറും ഭരണപക്ഷവും കൂട്ടുനിൽക്കുന്നത്. അജണ്ടയിൽപ്പോലും ഉൾപ്പെടുത്താതെ ഷെഡ് കൈമാറിയതിൽ അഴിമതിയുണ്ട്. ഇതെപ്പറ്റി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
തീപിടിത്തമുണ്ടായപ്പോൾ മാലിന്യസംസ്‌കരണ ചുമതലയുണ്ടായിരുന്ന സോൺഡ ഇൻഫ്രാടെകും ഇതേ ഷെഡ് തന്നെയാണ് ഉപയോഗിച്ചിരുന്നതെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. വാടക തരാതെയാണ് ഉപയോഗിച്ചത്. പുതിയ കമ്പനിക്ക് ഷെഡ് ഉണ്ടാക്കാൻ കാലതാമസമുണ്ടാകും. ബയോമൈനിംഗിനാണ് പരിഗണന നൽകേണ്ടത്. ഭൂമി ഗ്രീൻ എനർജി കമ്പനി പ്രതിമാസം 75,000 രൂപ വാടകയായി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. തുക മതിയാവില്ലെന്നും 1.30 ലക്ഷം രൂപ പ്രതിമാസം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വെറുതേ കിടക്കുന്നതിനേക്കാൾ വാടകയിനത്തിൽ വരുമാനം കിട്ടുന്നതാണ് ഉചിതം. വാടക തുക സംബന്ധിച്ച് കൗൺസിലിൽ കൂടിയാലോചിച്ച് അന്തിമ തീരുമാനമെടുക്കാമെന്നും മേയർ പറഞ്ഞു.

ഡെങ്കിപ്പനിക്ക് ഫോഗിംഗോ?

നഗരത്തിൽ ഡെങ്കിപ്പനി വർദ്ധിക്കുന്നതും ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ തർക്കത്തിന് കാരണമായി. കോർപ്പറേഷൻ പരിധിയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നെന്ന് വരുത്തിതീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ഭരണപക്ഷം പറഞ്ഞു. കോർപ്പറേഷൻ ഡെങ്കിപ്പനിയ്ക്കെതിരായി ഒന്നും ചെയ്തിട്ടില്ല. പലതവണ പറഞ്ഞാൽ മാത്രമാണ് ഫോഗിംഗ് നടത്തുന്നത്. ഇതിന് കൃത്യമായ ബോധവത്കരണം കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. ജില്ലയിൽ നഗരത്തിൽ മാത്രമല്ല ഡെങ്കിപ്പനി ബാധിതർ കൂടുതലുള്ളതെന്ന് മേയർ പറഞ്ഞു.

തെരുവുനായ ശല്യം : വാഹനം കട്ടപ്പുറത്ത്

ഡിവിഷനുകളിൽ തെരുവുനായ് ശല്യം രൂക്ഷമാണെന്നും നടപടി സ്വീകരിക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. തെരുവുനായ്ക്കളെ പിടിക്കാനായി ഏർപ്പെടുത്തിയ പ്രത്യേക സംഘത്തിനുള്ള വാഹനം ഒരുമാസമായി കട്ടപ്പുറത്താണെന്ന് പലരും ചൂണ്ടിക്കാട്ടി. കൗൺസിലർമാർ വിളിക്കുമ്പോൾ രണ്ടുപേർ വാഹനവുമായെത്തി അക്രമാസക്തനായ തെരുവുനായയെ പിടികൂടി ബ്രഹ്മപുരത്തെ എ.ബി.സി സെന്ററിലേത്തിച്ച് വന്ധ്യംകരണം നടത്തുകയാണ് ചെയ്യുന്നത്. വാഹനം തകരാറിലായതിനാൽ ഇവരുടെ സേവനം ലഭ്യമാകുന്നില്ല. പകരം സംവിധാനം വേണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. ശ്രീകല, മനു ജേക്കബ്, എം.ജി. അരിസ്റ്റോട്ടിൽ ഉൾപ്പടെയുള്ളവരാണ് വിഷയം ഉന്നയിച്ചത്.