കൊച്ചി; എളമക്കരയിൽ അമ്മയുടെ പങ്കാളി കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം പൊലീസ് സംസ്‌കരിക്കും. മൃതദേഹം ഏറ്റെടുക്കാൻ ആരും എത്താത്തതിനാലാണിത്. മൃതദേഹം അനാഥമായി കണക്കാക്കി ശനിയാഴ്ച പുല്ലേപ്പടി പൊതുശ്മശാനത്തിലാകും സംസ്‌കരിക്കുക. കേസിലെ പ്രതി കണ്ണൂർ സ്വദേശി ഷാനിഫ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണുള്ളത്. മാതാവ് അശ്വതി റിമാൻഡിലാണ്.

ഡിസംബർ മൂന്നിന് പുലർച്ചെയാണ് കുഞ്ഞിനെ അബോധാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ദേഹത്ത് പരിക്കുകൾ കണ്ട ഡോക്ടർ പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരപീഡനവും കൊലപാതകവും സ്ഥിരീകരിച്ചത്. അന്നുമുതൽ കുഞ്ഞിന്റെ മൃതദേഹം എറണാകുളം മെഡിക്കൽ കൊളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുഞ്ഞിനെ ഒഴിവാക്കുന്നതിനായി ഷാനിഫ് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നും അതിന് മാതാവ് അശ്വതി കൂട്ടുനിന്നെന്നുമാണ് പൊലീസ് കണ്ടെത്തൽ.