കൊച്ചി: കുർബാനത്തർക്കം പരിഹരിക്കാൻ വത്തിക്കാൻ നിയോഗിച്ച പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ ചർച്ചകൾ വീണ്ടും ആരംഭിച്ചതിനിടെ, ഏകീകൃത കുർബാന അർപ്പിക്കാൻ തയ്യാറാകാത്ത അതിരൂപതയിലെ വൈദികരുടെ കൈകൾ വെട്ടിമാറ്റുമെന്ന് ഭീഷണി. ഇടവക വികാരിമാർക്ക് തപാലിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.

ആലുവ അശോകപുരം പള്ളി വികാരി ആന്റണി ചോലിക്കരയ്ക്കാണ് ഏതാനും ദിവസം മുമ്പ് ആദ്യകത്ത് ലഭിച്ചത്. പിന്നീട് മറ്റു വികാരിമാർക്കും കത്ത് ലഭിച്ചതോടെ പൊലീസിൽ പരാതി നൽകുമെന്ന് വൈദികർ അറിയിച്ചു.

ഏകീകരിച്ച കുർബാന ചൊല്ലാത്ത വൈദികരുടെയും മെത്രാന്മാരുടെയും കരങ്ങൾ വെട്ടിമാറ്റാൻ തീരുമാനിച്ചെന്ന് കത്തിൽ പറയുന്നു. ക്രിസ്മസിന് മുമ്പ് ശിക്ഷ ഘട്ടംഘട്ടമായി നടപ്പാക്കാൻ ഇടവകവിശ്വാസി സമൂഹം തയ്യാറെടുപ്പുകൾ നടത്തിയതായും കത്തിലുണ്ട്.

വധഭീഷണി മുഴക്കി വൈദികരിൽ ഒരാളെയും മാറ്റാനാകില്ലെന്ന് അൽമായ മുന്നേറ്റം അതിരൂപത കൺവീനർ ജെമി ആഗസ്റ്റിനും റിജു കാഞ്ഞൂക്കാരനും പറഞ്ഞു. വൈദികരും വിശ്വാസികളും ചർച്ചകൾക്ക് തയ്യാറാണ്. സമവായത്തിന് ശ്രമിക്കാതെ അടിച്ചേല്പിക്കാനോ അധിനിവേശത്തിനോ ശ്രമിച്ചാൽ പ്രതിരോധിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.