കൊച്ചി: കോഴിക്കോടും മലപ്പുറവും ആസ്ഥാനമായ കെട്ടിടനിർമ്മാതാക്കൾ, കരാറുകാർ, ആർക്കിടെക്ടുകൾ എന്നിവരുടെ ഓഫീസുകളിലും വീടുകളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 200 കോടിയോളം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. 18 കോടിയുടെ നോട്ടുകെട്ടുകളും ആറു കിലോ സ്വർണവും നിരവധി രേഖകളും പിടിച്ചെടുത്തു.

പത്തു ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് കോഴിക്കോട്, മലപ്പുറം, വയനാട്, എറണാകുളം, ബംഗളൂരു എന്നിവിടങ്ങളിൽ ബുധനാഴ്ച ആരംഭിച്ച റെയ്ഡുകൾ പൂർത്തിയായിട്ടില്ല. മലപ്പുറത്തെ കെട്ടിട നിർമ്മാതാവിന്റെ വീട്ടിൽ നിന്നു മാത്രം 15 കോടിയുടെ നോട്ടുകൾ കണ്ടെടുത്തു. വിദേശ കറൻസികളും പിടിച്ചെടുത്തിട്ടുണ്ട്.

പ്രാഥമിക പരിശോധനയിൽ 200 കോടിയോളം രൂപയുടെ തട്ടിപ്പ് വ്യക്തമായെന്ന് വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. പത്തും ഇരുപതും കോടി രൂപ വരുമാനമുള്ള ചിലർ റിട്ടേൺ പോലും ഫയൽ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. കെട്ടിട നിർമ്മാതാക്കൾ രണ്ടു കോടിക്ക് വിറ്റഴിച്ച കെട്ടിടങ്ങൾക്ക് ഒരു കോടി രൂപ പോലും രേഖകളിൽ കാണിച്ചിട്ടില്ല. പ്രമുഖ ഫർണിച്ചർ നിർമ്മാതാക്കൾ വിലയിൽ വൻ തട്ടിപ്പ് കാണിച്ചതിന്റെ തെളിവുകളും ലഭിച്ചു.

വൻകിട കെട്ടിടങ്ങളുടെ ആർക്കിടെക്ട് സ്ഥാപനങ്ങളും വരുമാനം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി. വിശദമായ പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു.