
# കർഷകർക്കും ചെറുകിട സംരംഭകർക്കും ബയർ സെല്ലർ സംഗമം
# തമിഴ്‌നാട്ടിലെയും കർണാടകയിലെയും കർഷകർ നേരിട്ടെത്തും
# കാർഷികോത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ആവശ്യക്കാരിൽ
കൊച്ചി: ചെറുധാന്യങ്ങൾ (മില്ലറ്റ്) ഉൾപ്പെടെ ഭക്ഷ്യകാർഷികോത്പന്നങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ആവശ്യക്കാരിലെത്തിക്കാൻ വഴിയൊരുങ്ങുന്നു. കേരളത്തിന് പുറമെ അയൽ സംസ്ഥാനങ്ങളിലെ കർഷകർക്കും വിപണി ഒരുക്കുകയാണ് ലക്ഷ്യം.
കാർഷികോത്പന്നങ്ങളുടെ ഉത്പാദകരുടെയും വാങ്ങുന്നവരുടെയും സംഗമം സംഘടിപ്പിക്കും. ഡിസംബർ 28 മുതൽ 30 വരെ കൊച്ചിയിൽ ഹൈക്കോടതിക്ക് സമീപം സി.എം.എഫ്.ആർ.ഐയിൽ നടക്കുന്ന മില്ലറ്റ്മീൻ പ്രദർശന ഭക്ഷ്യമേളയുടെ ഭാഗമായി നടക്കുന്ന ബയർ സെല്ലർ സംഗമത്തിന് കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ കർഷകർ, കർഷക ഉത്പാദന കമ്പനികൾ, സ്വയംസഹായക സംഘങ്ങൾ, സംരംഭകർ കാർഷിക സ്റ്റാർട്ടപ്പുകൾ തുടങ്ങിയവർ നേരിട്ടെത്തും. ഇവരുടെ ഉത്പന്നങ്ങൾ പരിചയപ്പെടാനും വ്യാപാരബന്ധമുണ്ടാക്കാനും അവസരമുണ്ടാകും.
ചെറുധാന്യങ്ങളുടെ പോഷക, ആരോഗ്യ ഗുണങ്ങൾ പ്രചരിപ്പിക്കുന്നതിനൊപ്പം ഉത്പാദകരിൽ നിന്ന് നേരിട്ട് ഉത്പന്നങ്ങൾ സ്വന്തമാക്കാൻ അവസരമൊരുക്കും. അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചെറുധാന്യങ്ങൾക്ക് കേരളത്തിൽ വിപണിയൊരുക്കകയുമാണ് ലക്ഷ്യം.
മില്ലറ്റുകൾ പ്രദർശിപ്പിക്കും
കേരളത്തിലെ സംരംഭകരുടേതുൾപ്പെടെ ചാമ, റാഗി, തിന, കമ്പ്, ചോളം, വരഗ്, പനിവരഗ്, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങളും അവയിൽ നിന്നുണ്ടാക്കുന്ന ഉത്പന്നങ്ങളും പ്രദർശിപ്പിക്കും. മീനുകളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സുഗന്ധവ്യജ്ഞന ഉത്പന്നങ്ങളും പ്രദർശിപ്പിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പൈസസ് റിസർച്ചും അവയുടെ കീഴിലുള്ള കാർഷിക ഉത്പാദന കമ്പനികളും സംരംഭകരും സംഗമത്തിൽ പങ്കെടുക്കും.
ഉത്പന്നങ്ങൾ നേരിട്ട് വാങ്ങാനും വ്യാപാരബന്ധം തുടങ്ങാനും താത്പര്യമുള്ള ഉപഭോക്താക്കൾ, വ്യാപാരികൾ, മൊത്തക്കച്ചവടക്കാർ, സർക്കാർ സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് സംഗമം പ്രയോജനപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.
പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. ഫോൺ 9496303457.