
നാലു ജില്ലകളിൽ നടപ്പാക്കും
1000 സംഘങ്ങൾ പങ്കാളികളാകും
കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻ അഞ്ചു കോടി രൂപയുടെ കർഷകക്ഷേമ പദ്ധതികൾ നടപ്പാക്കും. ആയിരത്തിൽപ്പരം പ്രാഥമിക ക്ഷീരസംഘങ്ങളിലെ കർഷകർക്കായി സമ്പൂർണവും സമഗ്രവുമായ കന്നുകാലി ഇൻഷ്വറൻസും മൃഗസംരക്ഷണ പദ്ധതികളുമാണ് നടപ്പാക്കുന്നത്. യൂണിയന്റെ പ്രവർത്തന പരിധിയിൽ വരുന്ന ഇടുക്കി, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിലെ കർഷകർക്കാണ് പ്രയോജനം.
ഇൻഷ്വറൻസിന്റെ പ്രീമിയം സബ്‌സിഡി, മൃഗഡോക്ടറുടെ സേവനം, മിനറൽ മിക്‌സ് വിതരണം, വാട്‌സാപ്പ് വഴിയുള്ള ടെലിമെഡിസിൻ എന്നിവയാണ് പദ്ധതികളെന്ന് മിൽമ എറണാകുളം മേഖലാ ചെയർമാൻ എം.ടി. ജയൻ പറഞ്ഞു. പ്രാഥമിക സംഘങ്ങളിൽ പദ്ധതികളുടെ പ്രവർത്തനം ആരംഭിച്ചു.
സൗജന്യ ഇൻഷ്വറൻസ്
ഡോക്ടർമാർ വീടുകളിൽ വന്ന് കന്നുകാലികളെ പരിശോധിച്ച് മരുന്നുകൾ നൽകും. ഇൻഷ്വറൻസ് നടപടിക്രമങ്ങളും പൂർത്തീകരിക്കും. ആദ്യത്തെ ഉരുവിന് 300 രൂപയും പിന്നീട് ഓരോ ഉരുവിനും 100 രൂപ വീതവും എന്ന നിലയിലാണ് ഫീസ്. ഉരു ഒന്നിന് 500 രൂപ നിരക്കിൽ ഒരു കർഷകന്റെ നാല് ഉരുക്കൾക്ക് വരെ യൂണിയൻ പ്രീമിയം സബ്‌സിഡി നൽകും. കാലികൾ മരണപ്പെടുകയോ സ്ഥിരമായ വൈകല്യം സംഭവിക്കുകയോ ചെയ്താൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. ഇൻഷ്വർ ചെയ്യുന്ന എല്ലാ പശുക്കൾക്കും എൻ.ഡി.ഡി.ബിയുടെ സഹായത്തോടെ 500 രൂപ വിലവരുന്ന മിനറൽ മിക്‌സ്ചർ സൗജന്യമായും നൽകും.
ക്ഷീരസംഘങ്ങളിൽ ക്യാമ്പ്
മിൽമയുടെ ഡോക്ടർമാർ ക്ഷീര സഹകരണ സംഘങ്ങളിലെത്തി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. കർഷകരെ ഏറ്റവും പ്രതിസന്ധിയിലാക്കുന്ന കന്നുകാലികളിലെ വന്ധ്യതാ നിവാരണ ചികിത്സയുൾപ്പെടെ ക്യാമ്പിലൂടെ നൽകും. ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്ത പശുക്കൾ മരണപ്പെടുമ്പോൾ ആശ്വാസ സഹായമായി 15,000 രൂപ കർഷകർക്ക് നൽകുന്നുണ്ട്. ഇത് കർഷകർക്ക് വരുന്ന സാമ്പത്തിക നഷ്ടത്തിന്റെ ചെറിയഭാഗം മാത്രമേ ആകുന്നുള്ളൂ. അതിനാലാണ് സമ്പൂർണ ഇൻഷ്വറൻസ് എന്ന ആശയം ഉയർന്നുവന്നത്.
വാട്ട്സാപ്പിൽ മരുന്നുവിവരം
കന്നുകാലികളുടെ ഗുരുതരമല്ലാത്ത രോഗങ്ങൾ ക്ഷീരസഹകരണ സംഘം സെക്രട്ടറി വഴി ഡോക്ടർമാരെ അറിയിച്ചാൽ നൽകേണ്ട മരുന്നുകളുടെ വിവരം വാട്‌സ് ആപ്പിൽ ലഭ്യമാക്കുന്ന ടെലിമെഡിസിൻ സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഗുരുതരമല്ലാത്ത രോഗങ്ങൾക്ക് ലളിതമായ രീതിയിൽ പരിഹാരം കാണാൻ ഇതവുഴി കഴിയും.
''ഇന്ത്യയിൽ ആദ്യമായാണ് ക്ഷീര സഹകരണ പ്രസ്ഥാനം കർഷകർക്കും കന്നുകാലികൾക്കുമായി ഇത്രയും വിപുലമായ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നത്.""
എം.ടി. ജയൻ
ചെയർമാൻ
മിൽമ മേഖലാ യൂണിയൻ