jerin
ജെറിൻ സാംസൺ

ആലുവ: വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കോടനാട് കുറിച്ചിലക്കോട് മയൂരപുരം ജാതിക്കടവ് വീട്ടിൽ ജെറിൻ സാംസണെ (24) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.

ജില്ലാ പൊപോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ റിപ്പോർട്ടിന്റെറെ അടിസ്ഥാനത്തിൽ കളക്ടർ എൻ.എസ്.കെ. ഉമേഷാണ് ഉത്തരവിട്ടത്. കഴിഞ്ഞ ഏപ്രിലിൽ കാപ്പ പ്രകാരം ആറ് മാസത്തേക്ക് നാട് കടത്തിയിരുന്നു. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ഇയാൾ ആലുവ രാജഗിരി ആശുപത്രിയുടെ സമീപത്ത് നിന്നും അനന്തൻ എന്നയാളെ തട്ടിക്കൊണ്ടു പോയി മലയാറ്റൂർ മണപ്പാട്ടുചിറ ഭാഗത്ത് എത്തിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും പേഴ്‌സും കവർച്ച നടത്തുകയും ചെയതു. തുടർന്ന് എ.ടി.എം കാർഡ് ഉപയോഗിച്ചും ഗൂഗിൾപേ വഴിയും ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തു. ഈ കേസിലും കാപ്പ ഉത്തരവ് ലംഘിച്ച കേസിലും പ്രതിയായതിനെ തുടർന്നാണ് ജയിലിലടച്ചത്.

കോടനാട്, കാലടി പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമമുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. കഞ്ചാവ് കൈവശം വച്ചതിന് കോടനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോടനാട് പൊലീസ് ഇൻസ്‌പെക്ടർ എ.എൽ. അഭിലാഷ്, അസി. സബ് ഇൻസ്‌പെക്ടർമാരായ അജി പി. നായർ, വി.പി. ശിവദാസ്, സിവിൽ പൊലീസ് ഓഫീസർ ബെന്നി ഐസക് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.