പറവൂർ: സഹോദരപുത്രൻ ജെ.സി.ബി ഉപയോഗിച്ച് വീട് തകർത്തതോടെ തെരുവിലായ പറവൂർ പെരുമ്പടന്ന വാടാപ്പിള്ളിപ്പറമ്പ് വീട്ടിൽ ലീലയ്ക്ക് തലചായ്ക്കാൻ ഇടമൊരുങ്ങുന്നു. പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ ഗോൾഡൻ ജൂബിലി സമ്മാനമായാണ് അമ്പത്തിയാറുകാരിയായ ലീലയ്ക്ക് വീട് നിർമ്മിച്ച് നൽകുന്നത്. 514 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന് പത്ത് ലക്ഷം രൂപ നിർമ്മാണ ചെലവ്. ജൂണിൽ നടക്കുന്ന അസോസിയേഷന്റെ അമ്പതാം വാർഷികാഘോഷത്തിൽ വീടിന്റെ താക്കോൽ കൈമാറും.

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ് വീടിന് തറക്കല്ലിട്ടു. പി.ടി.എം.എ പ്രസിഡന്റ് കെ.ടി. ജോണി അദ്ധ്യക്ഷത വഹിച്ചു. പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ മുഖ്യാതിഥിയായി. എം.ജെ. രാജു, കെ. ഗോപാലൻ, ജിമ്മി ചക്യത്ത്, കെ.എൽ. ഷാറ്റോ, കെ.ടി. ജോയി, പി.ബി. പ്രമോദ്, എം.ജി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

ഒക്ടോബർ 19ന് ലീല ജോലികഴിഞ്ഞ് എത്തിയപ്പോഴാണ് വീടിന്റെ നല്ലൊരുഭാഗം പൊളിച്ചുമാറ്റിയനിലയിൽ കണ്ടത്. രണ്ട് ദിവസത്തിനുശേഷം ലീലയുടെ ദയനീയാവസ്ഥ പുറത്തുവന്നു. തുടർന്ന് കെൽസ എക്സിക്യുട്ടീവ് ചെയർമാനും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജില്ലാ ലീഗൽസർവീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജിയുമായ എൻ. രഞ്ജിത്ത് കൃഷ്ണനും വിഷയത്തിൽ ഇടപെട്ടിരുന്നു. കുടുംബത്തിന് കുടികിടപ്പവകാശമായി ലഭിച്ച ഏഴ് സെന്റ് ഭൂമിയുടെ ഏഴ് അവകാശികളിൽ ഒരാളൊഴികെ ഭൂമി ലീലയ്ക്ക് നൽകാൻ തയാറായിരുന്നു. വീട് പൊളിച്ച സഹോദരന്റെ മകൻ രമേഷിനുള്ള ഒരുസെന്റ് ഭൂമി കഴിച്ചുള്ള ആറുസെന്റ് പ്രത്യേക അദാലത്ത് ചേർന്ന് ലീലയ്ക്ക് നൽകി. ഈസ്ഥലത്താണ് മർച്ചന്റ്സ് അസോസിയേഷൻ വീട് നിർമ്മിച്ചുനൽകുന്നത്.