
കൊച്ചി: നവകേരള സദസിന് ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രമൈതാനം വിട്ടുനൽകിയ ദേവസ്വം ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തിരുവിതാംകൂർ കൊച്ചി ഹിന്ദുമതസ്ഥാപന നിയമം, കേരള ഹിന്ദു പൊതു ആരാധനാലയ നിയമം എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം ചക്കുവള്ളി ക്ഷേത്രമൈതാനത്ത് ഇത്തരം പരിപാടികൾ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതോടെ 18നുള്ള കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസിന് മറ്റൊരുവേദി കണ്ടെത്തേണ്ടിവരും.
മൈതാനം നവകേരള സദസിന് നൽകിയതിനെതിരെ കുന്നത്തൂർ സ്വദേശി ജെ. ജയകുമാർ, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടൻ പിള്ള എന്നിവരടക്കം നൽകിയ ഹർജികളിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധിപറഞ്ഞത്.
ക്ഷേത്ര പൂജകളെയും ഭക്തരുടെ പ്രവേശനത്തെയും പരിപാടി ബാധിക്കുമെന്ന ഹർജിക്കാരുടെ വാദം ഹൈക്കോടതി ശരിവച്ചു. കഴിഞ്ഞദിവസം മൈതാനത്തിന്റെ വിശദമായ രൂപരേഖ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. പരിപാടി സംഘടിപ്പിക്കുന്ന സ്കൂൾഗ്രൗണ്ടും ക്ഷേത്രമൈതാനവും മതിൽകെട്ടി വേർതിരിച്ചിട്ടുണ്ടെന്ന് സർക്കാർ വാദിച്ചു. സ്കൂൾഗ്രൗണ്ട് പുറമ്പോക്കാണെന്ന് വ്യക്തമാക്കി കൊല്ലം കളക്ടർ മറുപടി സത്യവാങ്മൂലവും നൽകിയിരുന്നു. എന്നാൽ ഇത് പുറമ്പോക്കല്ലെന്ന ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയ ഡിവിഷൻബെഞ്ച് ജില്ലാ കളക്ടറുടെ വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കി. തുടർന്നാണ് മൈതാനം വിട്ടുകൊടുത്ത ഉത്തരവ് റദ്ദാക്കിയത്.