തൃപ്പൂണിത്തുറ: ദീപപ്രഭയിൽ ജ്വലിച്ച് ശ്രീപൂർണത്രയീശ ക്ഷേത്രം. വൃശ്ചികോത്സവത്തിന്റെ ഏഴാം നാളായ വലിയ വിളക്ക് ദിനത്തിൽ ആയിരക്കണക്കിന് നെയ് വിളക്കുകളിൽ നിന്നുയർന്ന ദീപപ്രഭയാൽ ക്ഷേത്രാങ്കണം പ്രഭാപൂരിതമായി. വൈകിട്ട് ക്ഷേത്രത്തിനു ചുറ്റുമുള്ള നെയ് വിളക്കുകളിലും ദീപസ്തംഭങ്ങളിലും ഭക്തജനങ്ങളുടെയും ക്ഷേത്ര ഭാരവാഹികളുടെയും നേതൃത്വത്തിൽ അഗ്നി പകർന്നു. തുടർന്ന് വിളക്കിനെഴുന്നള്ളിപ്പും പള്ളിവേട്ടയും നടന്നു. വൃശ്ചികോത്സവത്തിൽ ഇന്നലെ പകൽ നടന്ന അവസാന നടപ്പുര മേളം ആസ്വദിക്കുവാനും അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. മദ്ദളപ്പറ്റ്, കുഴൽ പറ്റ്, കൊമ്പ് പറ്റ് എന്നിവയിൽ നിന്ന് പതിഞ്ഞ കാലത്തിൽ തുടങ്ങിയ പഞ്ചാരിമേളം തിരുമുമ്പിൽ മേളവും കടന്ന് നടപ്പുര മേളത്തിലേയ്ക്ക് കൊട്ടിക്കയറിയപ്പോൾ ക്ഷേത്രവളപ്പ് മേളാസ്വാദകരെക്കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു.

 ഇന്ന് കൊടിയിറങ്ങും

ആറാട്ട്: ഇന്ന് രാവിലെ ആറിന് ഭഗവാനെ പള്ളിയുണർത്തിയ ശേഷം പന്തീരടി അടക്കമുള്ള പൂജകൾക്കു ശേഷം നട അടയ്ക്കും. പിന്നീട് വൈകിട്ട് നട തുറന്ന് 3.30-ന് ഭഗവാനെ കാഴ്ചശീവേലിക്കെഴുന്നള്ളിക്കും. 15 ഗജവീരൻമാരെ അണിനിരത്തി, ചൊവല്ലൂർ മോഹനൻ നായരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തോടു കൂടിയാണ് കാഴ്ചശീവേലി. രാത്രി 7.30 ന് ഉത്സവക്കൊടിയിറക്കും. ഇരുത്തി പൂജയ്ക്കു ശേഷം പൂർണത്രയീശനെ ആറാട്ടിനെഴുന്നള്ളിക്കും. 8 മുതൽ ചോറ്റാനിക്കര വിജയൻ, കലാമണ്ഡലം കുട്ടി നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ മേജർസെറ്റ് പഞ്ചവാദ്യം. കി ഴക്കേ ഗോപുരം വഴിയാണ് ഭഗവാനെ പുറത്തേക്കെഴുന്നള്ളിക്കുക. 11.30-ന് ചക്കംകുളങ്ങര ശിവക്ഷേത്ര ക്കുളത്തിലാണ് ഭഗവാന്റെ ആറാട്ട്. വൃശ്ചികോത്സവത്തിൽ

-----------------------------

ആറാട്ട് ദിന പരിപാടികൾ

വൈകിട്ട് 3.30 ന് കാഴ്ചശീവേലി. ചൊവ്വല്ലൂർ മോഹനൻ നായരുടെ പ്രമാണത്തിൽ പഞ്ചാരിമേളം 4 മുതൽ 7.30 വരെ ഐശ്വര്യലക്ഷ്മിയും വരലക്ഷ്മിയും, ഗോകുൽ എച്ച്. ജനാർദ്ദനൻ, രജു നാരായണൻ എന്നിവരുടെ സംഗീത കച്ചേരി, 6.30 ന് നാദസ്വരം, 7.30 ന് കൊടിയിറക്കൽ, ആനയെ ഇരുത്തിപൂജ, 7.30 മുതൽ പുല്ലാംകുഴൽ -വയലിൻ സമന്വയം, 9 ന് ചലച്ചിത്ര താരം ദിവ്യ ഉണ്ണിയുടെ നൃത്ത സന്ധ്യ, 11.30 ന് ആറാട്ട്, 1.30 മുതൽ ചൊവ്വല്ലൂർ മോഹനൻ നായരുടെ പാണ്ടി മേളം.