metro

കൊച്ചി: ക്രിസ്‌മസ് നാളുകളെ വരവേൽക്കാൻ യാത്രക്കാർക്ക് കൈനിറയെ സമ്മാനങ്ങൾ നേടാൻ അവസുരമൊരുക്കി കൊച്ചി മെട്രോ. മെറി മെട്രോ 2023 എന്ന പേരിൽ കൊച്ചി മെട്രോയും ടി.വി.എസ് ഐ ക്യൂബ് ഇലക്ട്രിക്കും സംയുക്തമായി ഒരാഴ്ച നീളുന്ന ആഘോഷങ്ങൾ സംഘടിപ്പിക്കും.

18 മുതൽ 25 വരെയാണ് ആഘോഷപരിപാടികൾ. മെഗാ കരോൾ, പുൽക്കൂട് നിർമ്മാണം ക്രിസ്മ്‌സ് ട്രീ അലങ്കാരം എന്നീ മത്സരങ്ങൾ വിവിധ മെട്രോ സ്റ്റേഷനുകളിൽ സംഘടിപ്പിക്കും.

18ന് വൈകിട്ട് 5 മുതൽ നടക്കുന്ന മെഗാ കരോൾ ഗാന മത്സരമാണ് പ്രധാനം. എറണാകുളം ജോസ് ജംഗ്ഷനിലെ മെട്രോയുടെ ഓപ്പൺ എയർ തിയേറ്ററിലാണ് മത്സരം. രജിസ്റ്റർ ചെയ്യുന്ന ആദ്യ 20 ടീമുകൾക്കാണ് അവസരം. കരോൾ ഗാനമത്സരത്തിലെ ജേതാവിന് 50,000 രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനത്തിന് 25,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയും ലഭിക്കും. ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ബാൻഡ് മേളവും മത്സരത്തിന് മുന്നോടിയായി അരങ്ങേറും.

വിവിധ മെട്രോ സ്റ്റേഷനുകളിൽ 20ന് പുൽക്കൂട് നിർമ്മാണം, ക്രിസ്മസ് ട്രീ അലങ്കാരം എന്നീ മത്സരങ്ങൾ നടക്കും. 5000, 3000, 2000 രൂപ വീതമുള്ള സമ്മാനങ്ങൾ ആദ്യ മൂന്ന് വിജയികൾക്ക് ലഭിക്കും. 18 മുതൽ ക്രിസ്മസ് വരെ കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് മെട്രോ സാന്റയെ കണ്ടുമുട്ടാനും സമ്മാനം നേടാനും അവസരമുണ്ട്. മത്സരങ്ങളുടെ രജിസ്‌ട്രേഷൻ സൗജന്യമായിരിക്കും.

മത്സരങ്ങളിൽ പങ്കെടുക്കാൻ 0484 2846777, 98479 76380 എന്നീ നമ്പറുകളിൽ വിളിക്കാം. കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ്, ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം പേജിലും മത്സരത്തിന്റെ വിശദാംശങ്ങൾ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.