കൊച്ചി: അമൃത് പദ്ധതിയുടെ ഭാഗമായി ഇടക്കൊച്ചി 16-ാം ഡിവിഷനിൽ കൊച്ചി കോർപ്പറേഷൻ നിർമ്മാണം ആരംഭിച്ചിരിക്കുന്ന സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനെതിരേ സമരം ശക്തമാക്കുമെന്ന് ജനകീയ സമിതി. തദ്ദേശവാസികളുടെ എതിർപ്പിനെ മറികടന്നാണ് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നതെന്നും സമീപത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങൾക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതാണ് പദ്ധതിയെന്നും സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ശുചി മുറി, അടുക്കള, കക്കൂസ് മാലിന്യം അടക്കം സംഭരിച്ച് സംസ്‌കരിക്കാനാണ് പ്ലാന്റ് ലക്ഷ്യമിടുന്നത്. സംസ്‌കരണത്തിന് ശേഷം ജലം കായലിലേക്ക് ഒഴുക്കികളയാനാണ് ലക്ഷ്യം. ഇത് മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകും. പദ്ധതിക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാനുവൽ നിക്‌സൺ, വി.ആർ. വിജയൻ, പതാംബരൻ, പി.കെ. സന്തോഷ്, ജാക്‌സൺ എന്നിവർ പങ്കെടുത്തു