വൈപ്പിൻ: മുരിക്കുംപാടം ബെൽബോ കവല വഴിയുള്ള കണ്ടെയ്‌നർ ലോറികളുടെ ഗതാഗതം പൊലീസ് തടഞ്ഞു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നിരോധനം വകവെയ്ക്കാതെ കണ്ടെയ്‌നറുകൾ സഞ്ചാരം തുടർന്നതോടെയാണ് പൊലീസ് ഇടപെടൽ. നിരോധന തീരുമാനം നടപ്പാകാതെവന്നതോടെ എളങ്കുന്നപ്പുഴ റെസിഡന്റ്സ് അപ്പെക്‌സ് അസോസിയേഷൻ സമരം പ്രഖ്യാപിച്ചിരുന്നു.
തുടർന്നാണ് നിരോധനം നടപ്പിലാക്കാൻ പൊലീസ് രംഗത്തിറങ്ങുമെന്ന് ഞാറക്കൽ ഇൻസ്‌പെക്ടർ എ.എൽ. യേശുദാസ് അറിയിച്ചത്. നിരോധനം വ്യക്തമാക്കുന്ന ബോർഡുകൾ ബെൽബോ റോഡിൽ സ്ഥാപിക്കുമെന്നും പൊലീസ് അറിയിച്ചു.
പൊലീസ് അറിയിപ്പിനെ തുടർന്ന് അപ്പെക്‌സ് അസോസിയേഷൻ സമരം പിൻവലിച്ചു. വിശദീകരണ യോഗത്തിൽ പ്രസിഡന്റ് അനിൽ പ്ലാവിയൻസ് , സെക്രട്ടറി പി.കെ. മനോജ് എന്നിവർ സംസാരിച്ചു. വല്ലാർപാടം ഭാഗത്ത് നിന്ന് വരുന്ന കണ്ടെയ്‌നറുകൾ ഗോശ്രീ ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറേക്ക് നീങ്ങി എൽ.എൻ.ജി റോഡിലൂടെ ബെൽബോ റോഡിലെ കണ്ടെയ്‌നർ യാർഡിൽ എത്തണമെന്നും അതേ റൂട്ടിലൂടെ തിരിച്ചുപോകണമെന്നുമാണ് ട്രാഫിക് റെഗുലേറ്ററി കമ്മീഷൻ തീരുമാനം. എളുപ്പ വഴി എന്ന നിലയിലാണ് കണ്ടെയ്‌നറുകൾ ഗോശ്രീ ജംഗ്ഷനിൽ നിന്ന് വടക്കോട്ട് തിരിഞ്ഞ് ബെൽബോ കവലവഴി പോയിരുന്നത്.