കൊച്ചി: ഗാന്ധിനഗർ പി ആൻഡ് ഡി കോളനിയിലെ 77 കുടുംബങ്ങളെ തോപ്പുംപടി മുണ്ടംവേലിയിലെ ഫ്ലാറ്റ് സമുച്ചയത്തിലേക്ക് മാറ്റാൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. സമുച്ചയത്തിലെ 82 യൂണിറ്റുകളിൽ ബാക്കിയുള്ള അ‌ഞ്ച് ഫ്ലാറ്റിന്റെ കാര്യത്തിൽ അടുത്ത കൗൺസിൽ യോഗത്തിൽ തീരുമാനമെടുക്കാമെന്ന് മേയർ എം. അനിൽ കുമാർ പറഞ്ഞു.

പി ആൻഡ് ഡി കോളനിയിലെ 77 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന അതേ ദിവസം തന്നെ ഇവർ താമസിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനും തീരുമാനിച്ചു. ഫ്ളാറ്റ് കൈമാറാൻ സജ്ജമായിരുന്നെങ്കിലും കോളനിയിൽ പുതുതായി വന്ന് താമസിക്കുന്നവരുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തർക്കവും ആശയക്കുഴപ്പവുമാണ് പുനരധിവാസം വൈകിപ്പിച്ചത്.
പി ആൻഡ് ടി കോളനി പുനരധിവാസം ആദ്യ അജണ്ടയായി പരിഗണിച്ച് ആരംഭിച്ച കൗൺസിലിന്റെ തുടക്കം മുതൽ കോളനി നിവാസികളുടെ എണ്ണം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. പുതുതായി ചിലർക്കു കൂടി ഫ്ലാറ്റ് നൽകണമെന്ന് ചില കൗൺസിലർമാർ ആവശ്യപ്പെട്ടു. എത്രപേരാണ് തുടക്കം മുതലേ ഉണ്ടായിരുന്നതെന്നും പുതുതായി വന്നത് എത്ര കുടുംബങ്ങളാണെന്നും ആധികാരികമായ കണക്ക് സ്ഥലം കൗൺസിലർക്കും വർക്‌സ് കമ്മിറ്റി ചെയർപേഴ്‌സണും ഉൾപ്പെടെ അവതരിപ്പിക്കാനായില്ല. തുടക്കം തൊട്ടേ കോളനിയിൽ താമസിക്കുന്നവരും ആധികാരിക രേഖകൾ കൈവശമുള്ളവരുമായ 72 പേർക്ക് ഫ്ളാറ്റ് കൈമാറുന്നതിനുള്ള തീരുമാനം മുൻ കൗൺസിൽ യോഗം അംഗീകരിച്ചിരുന്നു. ബാക്കിയുള്ള 10 പേരുടെ കാര്യത്തിലാണ് ഇന്നലത്തെ കൗൺസിലിൽ ചർച്ചകളും വാദപ്രതിവാദങ്ങളും നടന്നത്. ഇതിൽ അഞ്ചു കുടുംബങ്ങളുടെ രേഖകളും മറ്റും കൃത്യമാണെന്ന് മേയർ പറഞ്ഞു.

കോളനിയിലുള്ളവരെ മുഴുവൻ ഒറ്റയടിക്ക് മാറ്റുകയും നിലവിലെ കെട്ടിടങ്ങൾ പൊളിക്കുകയും ചെയ്താലേ കൂടുതൽ കൈയേറ്റങ്ങളുണ്ടാവാതിരിക്കൂ എന്നും സി.ആർ.സുധീർ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടപ്പോൾ ഇതിനെതിരെ പ്രതിപക്ഷത്തുള്ളവരടക്കം രംഗത്തുവന്നു.
പുതിയ ഫ്ലാറ്റ് നിർമ്മാണത്തെകുറിച്ച് അറിഞ്ഞ് മുമ്പ് കോളനി ഉപേക്ഷിച്ചുപോയവരും പുതുതായി വന്നവരും താമസം തുടങ്ങിയിട്ടുണ്ടെന്ന് വി.കെ. മിനിമോൾ ഉൾപ്പെടെയുള്ളവർ പറഞ്ഞു. ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട സർവേയ്ക്കുശേഷം താമസത്തിനെത്തിയ ചിലരുണ്ടെന്ന് മേയറും വ്യക്തമാക്കി. 72 കുടുംബങ്ങളെ ഒഴിപ്പിച്ചാൽ തന്നെ വിശാലമായ ഇടംകിട്ടുമെന്നും ബാക്കിയുള്ളവരെ പതിയെ മാറ്റാമെന്നും പ്രതിപക്ഷത്തെ എം.ജി. അരിസ്റ്റോട്ടിൽ പറഞ്ഞു. ഉടമസ്ഥാവകാശം സംബന്ധിച്ച നിയമവശങ്ങൾ ടാക്‌സ് അപ്പീൽ കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ പ്രശാന്ത് ചൂണ്ടിക്കാട്ടി. അർഹരെ കണ്ടെത്തി എത്രയുംവേഗം മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് കൗൺസിലർ ബിന്ദു ശിവൻ ആവശ്യപ്പെട്ടു.

രണ്ടാംദിനവും ബയോമൈനിംഗ് വിഷയം

കോർപ്പറേഷനിൽ നിന്നുള്ള മാലിന്യം ബ്രഹ്മപുരത്ത് ബയോമൈനിംഗിലൂടെ സംസ്കരിക്കാനുള്ള ജോലി ഏറ്റെടുത്ത കമ്പനിയുടെ കരാർ ലംഘനത്തിനെതിരെ കൗൺസിലിന്റെ രണ്ടാംദിനവും പ്രതിപക്ഷം രംഗത്തെത്തി. ബയോമൈനിംഗ് കരാർ ഏറ്റെടുത്ത പൂനെ ആസ്ഥാനമായ ഭൂമി ഗ്രീൻ എനർജി എന്ന കമ്പനി ബ്രഹ്മപുരത്ത് പുതിയ ഷെഡ് പണിയണമെന്നാണ് വ്യവസ്ഥ. ഇത് പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, എം.ജി. അരിസ്റ്റോട്ടിൽ തുടങ്ങിയവർ എതിർപ്പ് ഉയർത്തിയത്.