
കൊച്ചി: ജയിലിൽ കഴിയുന്ന തടവുകാർ അടിയന്തര അവധിയോ പരോളോ ആവശ്യപ്പെട്ട് അപേക്ഷ നൽകിയാൽ ജയിൽ അധികൃതർ മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും, തുടർന്ന് ഒരാഴ്ചയ്ക്കകം തീരുമാനം ബന്ധുക്കളെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
അവധിയുടെയും പരാേളിന്റെയും കാര്യത്തിൽ തീരുമാനമെടുക്കാൻ ജയിൽ അധികൃതർ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടാൽ ഒരാഴ്‌ചയ്ക്കകം നൽകണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ ഉത്തരവിൽ പറയുന്നു. ഇക്കാര്യത്തിൽ ജയിൽ ഡി.ജി.പി ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകണം. ഉചിതമായ നിർദ്ദേശങ്ങൾ നൽകാനായി വിധിയുടെ പകർപ്പ് സംസ്ഥാന പൊലീസ് മേധാവി, ജയിൽ ഡി.ജി.പി എന്നിവർക്ക് രജിസ്ട്രി കൈമാറാനും പറഞ്ഞിട്ടുണ്ട്.
ലൈഫ് പദ്ധതിയുടെ ഭാഗമായി വീടു ലഭിച്ച തടവുകാരന് ഇതിനുള്ള നടപടികൾ പൂർത്തിയാക്കാൻ താത്കാലിക പരോൾ അനുവദിക്കണമെന്ന ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. വിയ്യൂർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഇരുമ്പൻ മനോജെന്ന മനോജിന്റെ ഭാര്യ രമയാണ് ഭർത്താവിന് പരോൾ നൽകണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ജയിൽ അധികൃതരെ സമീപിച്ചെങ്കിലും ആവശ്യം നിരസിച്ചിരുന്നു. എന്നാൽ മനോജിന് പരോൾ അനുവദിക്കുന്നത് അയാളുടെ ജീവന് ഭീഷണിയാണെന്നും വീടു നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നുമാണ് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകിയതെന്ന് സർക്കാർ അറിയിച്ചു. കൊടുങ്ങല്ലൂർ എടവിലങ്ങ് വില്ലേജിലാണ് ഇവർക്ക് വീട് അനുവദിച്ചിട്ടുള്ളത്. ഇത്തരമൊരു റിപ്പോർട്ട് വിചിത്രമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
തടവുകാരും മനുഷ്യരാണ്. അവർക്കും കുടുംബത്തെക്കുറിച്ചും വീടിനെക്കുറിച്ചുമൊക്കെ ആശങ്കയുണ്ട്.പരോളിലിറങ്ങുന്ന തടവുകാരന്റെ ജീവൻ രക്ഷിക്കാൻ കഴിയില്ലെങ്കിൽ തൃശൂർ ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് പദവിയിൽ തുടരാൻ അർഹതയില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. മനോജിന് പരോൾ അനുവദിക്കാനും നിർദ്ദേശിച്ചു.
'മതിലുകളിലെ തടവുകാരനെ'
ഓർമ്മിപ്പിച്ച് ഹൈക്കോടതി
മികച്ച ഭക്ഷണവും താമസവും സുരക്ഷയുമൊക്കെയുണ്ടെങ്കിലും തടവുകാരൻ എന്നും തടവുകാരനാണെന്നും അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അവർക്കേ മനസിലാവൂയെന്നും ഹൈക്കോടതി പറഞ്ഞു. തുടർന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ എന്ന കൃതിയിൽ നിന്നൊരു ഭാഗം വിധിന്യായത്തിൽ ഉൾപ്പെടുത്തി.
ആ ഭാഗമിങ്ങനെ : "ഞാൻ ആ പൂന്തോട്ടത്തിന്റെ അടുത്തുള്ള പ്ലാവിൽ വലിഞ്ഞു തൂങ്ങിക്കയറും.. പ്ലാവിന്റെ ഉച്ചിയിൽ കയറിനിൽക്കും. സ്വതന്ത്ര ലോകത്ത്, അല്ലെങ്കിൽ എന്ത് സ്വതന്ത്ര ലോകം? ഭൂഗോളം തന്നെ ഒരു വലിയ ജയിലാണല്ലോ? ..... ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് ചുഴിഞ്ഞിറങ്ങാതിരിക്കുന്നതാണ് നല്ലത്...."