കൊച്ചി: ജനിച്ച് ഒന്നരമാസമാകും മുമ്പേ, അമ്മയുടെ അനുവാദത്തോടെ ലിവിംഗ് ടുഗെതർ പങ്കാളി കൊലപ്പെടുത്തിയ പിഞ്ചുകുഞ്ഞിന്റെ സംസ്കാരം ഇന്ന് നടക്കും. കളമശേരി മെഡിക്കൽ കോളേജിലെ മോർച്ചറിയുടെ തണുപ്പിലുറങ്ങുന്ന കുഞ്ഞിന്റെ മൃതദേഹം രാവിലെ 10മണിയോടെ പച്ചാളം ശ്മശാനത്തിൽ എത്തിക്കും. തുടർന്ന് കൊച്ചി കോർപ്പറേഷൻ അധികൃതരുടെ സാന്നിദ്ധ്യത്തിൽ സംസ്‌കരിക്കും. അച്ഛനും ബന്ധുക്കളും കൈയൊഴിഞ്ഞതോടെ പൊലീസ് തന്നെ സംസ്‌കാര ചടങ്ങുകൾ നടത്താൻ മുന്നോട്ടുവരികയായിരുന്നു.

ഈമാസം മൂന്നി​ന് കറുകപ്പിള്ളിയിലെ ലോഡ്ജിൽ വച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

കേസിൽ അറസ്റ്റിലായ മാതാവ് അശ്വതി ഓമനക്കുട്ടൻ, പങ്കാളി കണ്ണൂർ സ്വദേശി ഷാനി​ഫ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. ഈമാസം ഒന്നിനാണ് ഷാനിഫും അശ്വതിയും കുഞ്ഞുമൊത്ത് എളമക്കരയിലെ ലോഡ്ജിൽ മുറിയെടുത്തത്. മൂന്നാം തിയതി പുലർച്ചെയായിരുന്നു കൊലപാതകം. തല കാൽമുട്ടിൽ ഇടിപ്പിച്ച് ഷാനിഫ് ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. തലയ്ക്ക് ക്ഷതമേറ്റാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ ശരീരത്തിൽ കടിച്ച ഷാനിഫ് കുഞ്ഞ് കരയുന്നില്ലെന്ന് കണ്ടതോടെ മരണം ഉറപ്പാക്കി. എട്ടുമണിയോടെ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് അബോധാവസ്ഥയിലായെന്ന് പറഞ്ഞ് ഷാനിഫും അശ്വതിയും ആശുപത്രിയിലെത്തി. കുട്ടിയുടെ മരണം സ്ഥിരീകരിച്ച ഡോക്ടർ സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വ്യാഴാഴ്ച ഷാനിഫിനെ ചേർത്തലയിൽ താമസിച്ചിരുന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ച് പല്ലുകളുടെ ശാസ്ത്രീയ പരിശോധന നടത്തി. പല്ലിന്റെ അളവ് ഉൾപ്പെടെ എടുത്തു. കൃത്യം നടത്തിയതിൽ പരസ്പരം പഴിചാരുകയാണ് പ്രതികളെന്നും പരസ്പരവിരുദ്ധ കാര്യങ്ങളാണ് പ്രതികൾ ഇപ്പോഴും പറയുന്നതെന്നും പൊലീസ് പറഞ്ഞു. കേസിൽ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.