കോലഞ്ചേരി: മൂവാറ്റുപുഴ- കാക്കനാട് നാലുവരിപ്പാത വാഴപ്പിള്ളി മുതൽ കിഴക്കമ്പലം വരെ നിർമ്മാണത്തിന് 309 കോടി രൂപയുടെ വിശദ പദ്ധതി റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗം തയാറാക്കി എസ്റ്റിമേറ്റ് കിഫ്ബിക്ക് സമർപ്പിച്ചു. അനുമതി ലഭിച്ചാലുടൻ സർവെ കല്ല് സ്ഥാപിച്ച് സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടങ്ങും. ഇതുസംബന്ധിച്ച് തീരുമാനം വന്നാൽ ദ്രുത ഗതിയിൽ ടെൻഡർ നടപടികളിലേക്ക് കടക്കും.
സ്ഥലമേറ്റെടുപ്പിനും നിർമ്മാണത്തിനുമാണ് തുക വിനിയോഗിക്കുന്നത്. 2021- 23ൽ സംസ്ഥാന സർക്കാർ അനുവദിച്ച 40 കോടി ഉൾപ്പെടെ 349 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. റോഡിന്റെ അലൈൻമെന്റ് സംബന്ധിച്ച് സർവെ നടപടികൾ പൂർത്തിയായി. 23 മീറ്റർ വീതിയിൽ 19.22 കിലോമീറ്റർ ദൂരമാണ് നാലുവരിപ്പാതയുടെ ഭാഗമായി പുനർ നിർമ്മിക്കുന്നത്. നിലവിലെ റോഡ് 23 മീറ്റർ വീതിയിലേയ്ക്കാണ് മാറ്റുന്നത്. റോഡിന് ഇരുവശവുമുള്ള പുറമ്പോക്ക് ഒഴിച്ചുള്ള ബാക്കി സ്ഥലം ഏറ്റെടുക്കും. റോഡിനോട് ചേർന്നുള്ള കെട്ടിടങ്ങളടക്കം പൊളിക്കേണ്ടിവരും. ഇതുസംബന്ധിച്ച കൃത്യമായ മാസ്റ്റർപ്ളാനും തയാറായിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നവർക്ക് സർക്കാരിന്റെ ഏറ്റവും പുതുക്കിയ പാക്കേജിൽ തുക അനുവദിക്കും. നിലവിൽ 11 പാലങ്ങൾ പുനർനിർമ്മിക്കാനാണ് തുക വകയിരുത്തിയിരിക്കുന്നത്. കിഴക്കമ്പലത്ത് വച്ച് തങ്കളം- കാക്കനാട് നാലുവരിപ്പാതയിലേക്ക് റോഡ് ചേരുംവിധമാണ് രൂപരേഖ. വർഷങ്ങളായുള്ള നാട്ടുകാരുടെ സ്വപ്നമാണ് നാലുവരിപ്പാതയിലൂടെ പൂവണിയുന്നത്. ഹൈറേഞ്ച് മേഖലയിൽ നിന്ന് ജില്ലയിലെ ഭരണസിരാകേന്ദ്രമായ കാക്കനാട്ടേക്ക് എത്തുന്ന ദൂരത്തിൽ കാര്യമായ കുറവുവരുമെന്ന് മാത്രമല്ല ചുരുങ്ങിയ സമയം കൊണ്ട് അതിവേഗം എത്താനുമാകും. മെട്രോ റെയിൽ കാക്കനാട്ടേക്ക് നീളുന്നതോടെ എറണാകുളത്തേയ്ക്ക് ട്രാഫിക് തിരക്കുകളില്ലാതെ വന്നു പോകാനുമാകും. ഇതോടൊപ്പം കുന്നത്തുനാട് മണ്ഡലത്തിന്റെ വികസനത്തിനും വഴിയൊരുങ്ങും. മണ്ഡലത്തിലെ മഴുവന്നൂർ, കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന വീട്ടൂർ മുതൽ കിഴക്കമ്പലം വരെയുള്ള ഭാഗത്ത് നാലുവരിപ്പാതയ്ക്ക് ഇരുവശവും വലിയ വികസന സാദ്ധ്യതകൾക്കാണ് അവസരമൊരുങ്ങുന്നത്. ഇതിനോടകം തന്നെ ഈ മേഖലയിൽ ആഗോള ബിസിനസ് ഭീമന്മാർ സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. നാലുവരിപ്പാത പൂർത്തിയാകുന്നതോടെ റിയൽ എസ്റ്റേറ്റ് രംഗത്തും കുതിച്ചുചാട്ടമുണ്ടാകും. സമീപ പഞ്ചായത്തുകൾക്കു കൂടി ഗുണകരമാകുംവിധം സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റമാണ് മേഖലയിൽ ഉണ്ടാവുക.
കുന്നത്തുനാട് മണ്ഡല വികസനത്തിന്റെ നാഴികകല്ലാണ് നാലുവരിപ്പാത. നാലുവരിപ്പാതയ്ക്ക് മുന്നോടിയായി കിഴക്കമ്പലം നെല്ലാട് റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കും.
അഡ്വ. പി.വി.ശ്രീനിജിൻ
എം.എൽ.എ