ആലുവ: പൊതുജനങ്ങളുടെ പരാതികളിൽ പൊലീസ് നടപടികളെടുക്കുന്നില്ലെന്ന ആരോപണവുമായി എടത്തല പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോനും വൈസ് പ്രസിഡന്റ് അബ്ദുൾ ഖാദറും രംഗത്തെത്തി.

എൽ.ഡി.എഫുകാരായ പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ശബ്ദസന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പഞ്ചായത്ത് ഉന്നയിക്കുന്നതെന്നും പരാതികളിലെ നിയമപരമായ നടപടിക്രമങ്ങളിൽ വീഴ്ച്ചയില്ലെന്നും ശുപാർശകൾ പരിഗണിക്കാത്തതിന്റെ അമർഷമാണ് ഇവരുടെ വാക്കുകളിൽ പ്രതിഫലിക്കുന്നതെന്നും എടത്തല സി.ഐ എ.എൻ. ഷാജു പറഞ്ഞു.

പ്രസിഡന്റിന്റെ ആരോപണം

പരാതികളിൽ നടപടിയെടുക്കുന്നില്ലെന്നും പൊതുജനങ്ങളിൽ നിന്ന് നിരവധി പരാതി ലഭിച്ചെന്നും ഈ രീതിയിൽ മുന്നോട്ടുപോകാനാകില്ലെന്നുമാണ് പ്രസിഡന്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഉദ്യോഗസ്ഥർക്ക് സെൽഫിയെടുത്ത് ഗ്രൂപ്പിൽ ഇടുന്നതാണ് പണി. പുലർച്ചെ രണ്ട് മണിക്ക് സ്റ്റേഷനിലേക്ക് പരാതി വിളിച്ചറിയിച്ചിട്ട് തിരി‌ഞ്ഞുനോക്കിയില്ല. ഒടുവിൽ പരാതി മെയിൽ ചെയ്തപ്പോൾ തുറക്കാൻ ആളില്ലെന്നായി. മെയിൽ തുറക്കാൻ അറിയാത്തവർ എത്തിനാണ് സ്റ്റേഷനിൽ ഇരിക്കുന്നതെന്നും പ്രസിഡന്റ് ചോദിക്കുന്നു.

വൈസ് പ്രസിഡന്റിന്റെ ആരോപണം

എടത്തല സ്റ്റേഷനിൽ സാധാരണക്കാരന് നീതിലഭിക്കുന്നില്ല. മണ്ണ് - മണൽ മാഫിയകളുടെ പരാതികൾക്ക് മാത്രമാണ് പരിഹാരമുള്ളത്. പ്രസിഡന്റിന്റെ പരാതി പഞ്ചായത്തിന്റെ മൊത്തത്തിലുള്ള പരാതിയായി കാണണം. പരാതിയുമായി ചെന്നാൽ തിരിഞ്ഞു നോക്കുന്നില്ല. എസ്.എച്ച്.ഒ സുരേഷ് ഗോപി കളിക്കുകയാണ്. ഇത് മാറണം. എസ്.എച്ച്.ഒയെ മാറ്റുകയോ അദ്ദേഹത്തിന്റെ സ്വഭാവത്തിൽ മാറ്റംവരുത്തുകയോ വേണം.

പൊലീസ് നിലപാട്

പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതം. പൊതുജനങ്ങളുടെ പരാതികളിൽ ഇടപെട്ടില്ലെന്നത് അവർ തെളിയിക്കട്ടെ. പരാതികളിളെല്ലാം നിയമാനുസൃതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പുലർച്ചെ രണ്ട് മണിക്ക് മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി മെയിലിൽ അയച്ച പരാതിയിൽ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. മെയിൽ തുറക്കാൻ രാവിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ എത്തണമെന്ന് പറഞ്ഞെങ്കിലും മറ്റ് നടപടികളെല്ലാം സ്വീകരിച്ചിരുന്നു. പേങ്ങാട്ടുശേരി മസ്ജിദ് ഉസ്താദിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയയാൾക്കുവേണ്ടി വൈസ് പ്രസിഡന്റ് ഇടപെട്ടപ്പോൾ നീതിപൂർവമായേ ഇടപെടൂവെന്ന് പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടമായില്ല. എടത്തലയിൽ ഒരു വീടിന്റെ മുകൾ ഭാഗത്ത് ക്ഷേത്രം സ്ഥാപിച്ച വിഷയത്തിലും ചിലർ പൊലീസിനെ അധിക്ഷേപിക്കാൻ ശ്രമിച്ചത് അംഗീകരിക്കാത്തതിന്റെ നീരസവും ഇപ്പോഴത്തെ ആരോപണത്തിന് പിന്നിലുണ്ട്.