
കോലഞ്ചേരി: നേന്ത്റക്കായയ്ക്ക് വിലയില്ല. എന്നാൽ കായ വറുത്തതിനും പഴം പലഹാരങ്ങൾക്ക് വിലയൊട്ടും കുറവുമില്ല. നേന്ത്റക്കായ വിലയുടെ നടുവൊടിഞ്ഞ് കർഷകനെ വലയ്ക്കുമ്പോൾ ബേക്കറികളിലും ഹോട്ടലുകളിലും ഉപ്പേരിക്കും പലഹാരങ്ങൾക്കും കൊള്ളവില. നേന്ത്റക്കായ വില കിലോ 50 കടന്നപ്പോഴാണ് മലയാളിയുടെ പ്രിയ വിഭങ്ങളായ പഴംപൊരി 8 ൽനിന്നും 10 ലേക്കും 12 ലേക്കും ഉയർന്നത്. തലശേരി സ്‌പെഷ്യൽ വിഭവമായ ഉന്നക്ക 12 ൽ നിന്ന് 15 ലേയ്ക്കും പഴം റോസ്റ്റ് ചെറുത് 8 ൽ നിന്നും10 ലേയ്ക്കും വലുത് 12 ൽ നിന്നും 15ലേയ്ക്കും വിലകൂടി. ഉപ്പേരിയുടെ കാര്യമാണ് മഹാ കഷ്ടം. അവസാനം കായ വില കത്തിക്കയറി നിന്ന ഓണം സീസണിൽ 340 രൂപയായിരുന്നു കിലോ വില. ഉപ്പേരി നാലു വെട്ടി നുറുക്ക് 400 രൂപ, ശർക്കര വരട്ടി 375 രൂപ ഇങ്ങനെയായി. ഇപ്പോൾ കായ വില പകുതിയിലും താഴെ. പക്ഷേ പലഹാരങ്ങൾക്ക് ഒരു രൂപ കുറയ്ക്കാൻ കച്ചവടക്കാർ തയ്യാറായിട്ടില്ല.
കേരളത്തിൽ കായ വില ഇതുപോലെ തകർന്ന കാലമുണ്ടായിട്ടില്ല. മൂത്തു തുടങ്ങിയ കായയ്ക്കു തോട്ടത്തിലെത്തിയാൽ മൊത്ത വില കിലോ 12 രൂപ മുതലാണ്. മാർക്കറ്റിലെത്തിച്ചാൽ 14 രൂപ മുതലും. കായ 22 രൂപയ്ക്കുവരെ കിട്ടാനുണ്ട്.
കായ വറുത്തു കടകളിൽ എത്തിക്കുന്ന വലിയ ശൃംഖല തന്നെയുണ്ട്. കർഷകനും ഉപഭോക്താവിനും ഒരാനുകൂല്യവും കിട്ടാത്ത കായ വറുക്കലിൽ വൻ ലാഭമുണ്ടാക്കുന്നത് ഇക്കൂട്ടരാണ്. നിലവാരം കുറഞ്ഞ വെളിച്ചെണ്ണയിലും രണ്ടാംതരം പാമോയിലിലുമാണ് മിക്ക വഴിയോരക്കടകളിലും ഉപ്പേരി ഉണ്ടാക്കുന്നത്. ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നവരുമുണ്ട്.
14 രൂപയ്ക്ക് കായ കിട്ടിയാൽ എല്ലാ ചെലവും കഴിഞ്ഞു കിലോയ്ക്ക് 190 രൂപയ്ക്കു വറുത്തു നൽകിയാൽ 30 ശതമാനം വരെ ലാഭം കിട്ടും. ഈ സമയത്താണു കർഷകരെ ശരിക്കും ഇടിച്ചു പിഴിഞ്ഞു കായ വാങ്ങി വൻ വിലയ്ക്ക് വറുത്തതു വിൽക്കുന്നത്. കായ വില കുറയുന്നതു താത്ക്കാലിക പ്രതിഭാസമാണെന്നും അതുകൊണ്ടുതന്നെ വില കുറയ്ക്കാനാകില്ലെന്നും ബേക്കറികൾക്കു വറുത്തുകൊടുക്കുന്ന ഇടനിലക്കാർ പറയുന്നത്.