
കൊച്ചി: കറുകപ്പള്ളിയിൽ അമ്മയും ലിവിംഗ്ടുഗെതർ പങ്കാളിയും ചേർന്ന് കൊലപ്പെടുത്തിയ കുരുന്നിന് കേരള പൊലീസിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പൂക്കളാൽ അലങ്കരിച്ച കുഞ്ഞുപെട്ടിയിൽ മരവിച്ചുകിടന്ന ആൺ കുഞ്ഞിനരുകിലായി എ.സി.പി ജയകുമാർ കിലുക്കാംപെട്ടി വച്ചപ്പോൾ പൊലീസുകാരടക്കമുള്ളവർക്ക് കരച്ചിലടക്കാനായില്ല.
ഏറ്റെടുക്കാനാളില്ലാതെ പതിമൂന്നു ദിവസമാണ് ഒന്നരമാസം പ്രായമുള്ള പിഞ്ചോമന ഫ്രീസറിന്റെ തണുപ്പിലുറങ്ങിയത്. ഒടുവിൽ പൊലീസും കൊച്ചി കോർപ്പറേഷനും മുൻകൈയെടുത്താണ് പുല്ലേപ്പടി ശ്മശാനത്തിൽ അന്ത്യയാത്രയൊരുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു സംസ്‌കാരം. കൊച്ചി സിറ്റി പൊലീസ് സല്യൂട്ട് നൽകി അവനെ യാത്രയാക്കി.
12.05ന് കുട്ടിയുമായി ആംബുലൻസ് പുല്ലേപ്പടി ശ്മശാനത്തിൽ എത്തി. അഞ്ചുമിനിട്ട് പൊതുദർശനം. വിവരമറിഞ്ഞെത്തിയ ഒരു മുത്തശി 'എന്റെ പൊന്നുമോനേ"... എന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞപ്പോൾ എല്ലാവരുടേയും നെഞ്ചുലഞ്ഞു. ജനപ്രതിനിധികളും കോർപ്പറേഷൻ അധികൃതരും നിറകണ്ണുകളോടെ സാക്ഷികളായി. എറണാകുളം സെൻട്രൽ അസി. പൊലീസ് കമ്മിഷണർ കെ.ജയകുമാറിന്റെ നേതൃത്വത്തിൽ സി.ഐമാരായ എസ്.ആർ.സനീഷ്, മഞ്ജിത്ത്‌ലാൽ, എസ്.ഐ രാജേഷ് ചെല്ലപ്പൻ, ലാലു ജോസഫ്, അസൈനാർ, അനിൽ, എ.എസ്.ഐ സെൻ എന്നിവർ ചേർന്ന് കുഞ്ഞിനു സല്യൂട്ട് നൽകി. ശ്മശാനത്തോട് ചേർന്നുള്ള ഒഴിഞ്ഞപറമ്പിൽ അന്ത്യവിശ്രമമൊരുക്കി.
''ഒന്നരമാസമേ അവൻ ഭൂമിയിൽ ജീവിച്ചിരുന്നുള്ളൂ. ഒരു കളിപ്പാട്ടംപോലും മാതാപിതാക്കൾ വാങ്ങിക്കൊടുത്തുകാണില്ല. അതുകൊണ്ടാണ് കിലുക്കാംപെട്ടി പെട്ടിയിൽ വയ്ക്കാൻ തീരുമാനിച്ചത്. എവിടെനിന്നോ ഒരു മുത്തശ്ശിയെത്തി പൊട്ടിക്കരഞ്ഞതോടെ എല്ലാവരും വിതുമ്പി"". എ.സി.പി ജയകുമാർ കേരളകൗമുദിയോട് പറഞ്ഞു.
നടുക്കിയ അരുംകൊല
3ന് പുലർച്ചെയാണ് കറുകപ്പിള്ളിയിലെ ലോഡ്ജിൽ മാതാവ് ചേർത്തല എരമല്ലൂർ സ്വദേശി അശ്വതി ഓമനക്കുട്ടനും പങ്കാളി കണ്ണൂർ സ്വദേശി ഷാനിഫും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഷാനിഫാണ് കുഞ്ഞിന്റെ തല കാൽമുട്ടിൽ ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. തലയ്ക്ക് ക്ഷതമേറ്റാണ് മരിച്ചത്. ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ച് മരണം ഉറപ്പാക്കി. തുടർന്ന് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് അബോധാവസ്ഥയിലായെന്ന് പറഞ്ഞ് ഇരുവരും രാവിലെ എട്ടോടെ ജനറൽ ആശുപത്രിയിലെത്തി. കുട്ടിയുടെ മരണം സ്ഥിരീകരിച്ച ഡോക്ടർ സംശയംതോന്നി പൊലീസിനെ വിവരമറിയിച്ചു. അശ്വതിയുടെ ആദ്യപങ്കാളിയിലുണ്ടായ കുഞ്ഞ് ബാദ്ധ്യതയാകുമെന്ന കാരണത്താലാണ് ഇരുവരും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. ഷാനിഫ് റിമാൻഡിലാണ്. റിമാൻഡിലായിരുന്ന അശ്വതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. കുറ്റപത്രം ഉടൻ നൽകുമെന്ന് എളമക്കര പൊലീസ് പറഞ്ഞു.