
കൊച്ചി: കാഴ്ചപരിമിതരുടെ അന്തർസംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റായ നാഗേഷ് ട്രോഫിയുടെ കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് സി മത്സരങ്ങൾക്ക് നാളെ കൊച്ചിയിൽ തുടക്കമാകും. ആദ്യ മത്സരത്തിൽ ബീഹാറാണ് കേരളത്തിന്റെ എതിരാളികൾ. രാവിലെ 9.30ന് തൃപ്പൂണിത്തുറ പാലസ് ഓവലിലാണ് മത്സരം. ഒഡിഷ, ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് സി ഗ്രൂപ്പിലെ മറ്റ് ടീമുകൾ. കോട്ടയം അയ്മനം സ്വദേശി അനന്തു ശശികുമാറാണ് കേരളത്തിന്റെ ക്യാപ്ടൻ. കൊച്ചിക്ക് പുറമേ ജമ്മു, ഡെറാഡൂൺ, ചണ്ഡിഗഢ്, കോട്ട, അഗർത്തല എന്നിവിടങ്ങളാണ് മറ്റ് വേദികൾ.
19ന് ഒഡീഷയെയും, 20ന് ഉത്തർപ്രദേശ്, 21ന് ജാർഖണ്ഡ് ടീമുകളെയും നേരിടും. ഇന്ന് വൈകിട്ട് അഞ്ചിന് ഇന്ത്യൻ വനിതാ ടീം അംഗം മിന്നു മണി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. സൂപ്പർ എട്ട് മത്സരങ്ങൾ ജനുവരി 29 മുതൽ ഫെബ്രുവരി രണ്ട് വരെ നാഗ്‌പൂരിൽ നടക്കും. ആലുവ കീഴ്മാട് ബ്ലൈൻഡ് സ്‌കൂൾ ഗ്രൗണ്ടിൽ കേരളത്തിന്റെ പരിശീലനം ഇന്നലെ അവസാനിച്ചു.
ടീം മികച്ച മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും വിജയപ്രതീക്ഷയിലാണെന്നും ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരള (സി.എ.ബി.കെ) ചെയർമാൻ രജനീഷ് ഹെൻറി പറഞ്ഞു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കേരള ക്രിക്കറ്റിന് വേണ്ടി മുൻ ബ്ലൈൻഡ് ക്രക്കറ്റ് താരവും സംഗീത സംവിധായകനും നടനുമായ രാഹുൽ രാജ് കേരള ടീമിനു വേണ്ടി ഒരുക്കിയ ഗാനം പുറത്തറിക്കി.
കേരള ടീം
അനന്തു ശശികുമാർ(ക്യാപ്ടൻ), എൻ.കെ. വിഷ്ണു(വൈസ് ക്യാപ്ടൻ), എം. വേണുഗോപാൽ, എയവി. ബിനീഷ്, ബിബിൻ പ്രകാശ്, കെ.ബി. സായന്ത്, എ. മനീഷ്, സച്ചിൻ തുളസീധരൻ, എസ്. ശൈലാജ്, സി.കെ. സദക്കത്തുൽ അൻവർ, എ. മുഹമ്മദ് ഫർഹാൻ, മുഹമ്മദ് കമാൽ, കെ.എം. ജനീഷ്.