
കൊച്ചി: പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവർത്തനരീതി മനസിലാക്കാനുള്ള സെന്റർ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. എല്ലാ ജില്ലകളിലും ഇ.വി.എം ഡെമോൺസ്‌ട്രേഷൻ സെന്ററുകൾ തുടങ്ങാനുള്ള ചീഫ് ഇലക്ടറൽ ഓഫീസറുടെ ഉത്തരവ് പ്രകാരം ആരംഭിച്ച സെന്ററിൽ കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. ജില്ലാ കളക്ടറേറ്റ്, താലൂക്ക് ഓഫീസുകൾ, റിട്ടേണിംഗ് ഓഫീസറുടെ ഹെഡ് ക്വാർട്ടേഴ്‌സ് എന്നിവിടങ്ങളിലാണ് ഇ.വി.എം ഡെമോൺസ്‌ട്രേഷൻ സെന്ററുകൾ പ്രവർത്തിക്കുക. പൊതുജനങ്ങൾക്ക് ഇവിടെ വന്ന് വോട്ടിംഗ് രീതിയുടെ മാതൃക മനസ്സിലാക്കാം. ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ എസ്.ബിന്ദു, കളമശ്ശേരി റിട്ടേണിംഗ് ഓഫീസർ സഹീർ എന്നിവർ പങ്കെടുത്തു.