കുറുപ്പംപടി: ഡിസംബർ മാസത്തിൽ പതിവു തെറ്റിക്കാതെ കലണ്ടറുകളുമായി വീടുകളിൽ എത്തി മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ. മുടക്കുഴ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായ അവറാച്ചൻ ജന്മദേശമായ മുടക്കുഴ തുരുത്തിയിലെ 6,7 വാർഡുകളിലെ മുഴുവൻ വീടുകളിലും 28 വർഷമായി നേരിട്ടെത്തിയാണ് കലണ്ടർ കൊടുക്കുന്നത്. കഴിഞ്ഞമാസം നടന്ന മുടക്കുഴ ബാങ്ക് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു അവറാച്ചൻ. വർഷാവർഷം വീടുകളിൽ ചെന്ന് കലണ്ടർ കൈമാറുന്നത് ഒരു ജനപ്രതിനിധിക്ക് നാട്ടുകാരോടുള്ള സ്നേഹവായ്പിന്റെ ഉത്തമോദാഹരണം കൂടിയായി മാറുന്നു.