കൊച്ചി: പൂനെയിലെ അഡ്വഞ്ചർ റിസോർട്ടിൽ രണ്ടു മക്കളും മുങ്ങി മരിച്ച ദമ്പതികൾക്ക് റിസോർട്ട് അധികൃതർ 1.99 കോടി രൂപ നഷ്‌ടപരിഹാരവും കോടതിച്ചെലവിനത്തിൽ 20,000 രൂപയും ഒരു മാസത്തിനകം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവിട്ടു.

എറണാകുളം ആമ്പല്ലൂർ സ്വദേശികളായ പി.വി. പ്രകാശനും ഭാര്യ വനജയും നൽകിയ ഹർജിയിൽ ഡി.ബി. ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ജില്ലാ ഫോറമാണ് വിധി പറഞ്ഞത്. ഉപഭോക്തൃ സംരക്ഷണ നിയമം 2019ൽ നിലവിൽ വന്നശേഷം അനുവദിക്കുന്ന ഏറ്റവും ഉയർന്ന നഷ്ടപരിഹാരത്തുകയാണിത്.

ഹർജിക്കാരുടെ മക്കളായ മിഥുനും (30), നിതിനും (24) 2020 ഒക്ടോബറിലാണ് പൂനെ കരന്തിവാലി അഡ്വഞ്ചർ ആൻഡ് അഗ്രോ ടൂറിസം റിസോർട്ടിൽ സാഹസിക വിനോദങ്ങൾക്കിടെ മുങ്ങി മരിച്ചത്. സുരക്ഷയൊരുക്കുന്നതിലും പരിചയസമ്പന്നരായ ഗൈഡുകളെ നിയോഗിക്കുന്നതിലും റിസോർട്ട് അധികൃതർ വീഴ്‌ച വരുത്തിയതാണ് അപകടകാരണമെന്ന് ഹർജിക്കാർ വാദിച്ചു. പൂനെ പൊലീസിന്റെ എഫ്.ഐ.ആറിൽ റിസോർട്ടിൽ സുരക്ഷാ സംവിധാനങ്ങളില്ലെന്നും സി.സി.ടി.വികൾ പ്രവർത്തനരഹിതമാണെന്നും പറഞ്ഞിരുന്നു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കനത്ത പിഴ ചുമത്തേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി. ദുരന്തത്തിനിരയായവർക്ക് നീന്തൽ വശമുണ്ടായിരുന്നില്ല. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ നീന്തൽ പരിശീലനമടക്കമുള്ള ദുരന്ത നിവാരണ പാഠങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ട കോടതി ഇതിനായി വിധിയുടെ പകർപ്പ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.