മൂവാറ്റുപുഴ: ക്രിസ്മസ്, നവവത്സര ആഘോഷങ്ങളുടെ ഭാഗമായി 21 മുതൽ ജനുവരി 14 വരെ മൂവാറ്റുപുഴയിൽ നഗരോത്സവം സംഘടിപ്പിക്കും. വൈവിധ്യങ്ങളായ പരിപാടികളോടെയാണ് നഗരോത്സവം ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
4000 ചതുരശ്ര അടി വിസ്തീർണം വരുന്ന പവലിയനിൽ അലങ്കാര മത്സ്യം, വളർത്ത് മത്സ്യം, ഭീമാകാരമായ രാക്ഷസ മത്സ്യം തുടങ്ങിയവയുടെ പ്രദർശനം ഒരുക്കും. നാല്പാമരങ്ങളും ഔഷധ സസ്യങ്ങളും അപൂർവ സസ്യങ്ങളും വംശനാശം നേരിടുന്ന വൃക്ഷ ലതാതികളും അടക്കമുളള കാർഷിക പവലിയനും അപൂർവ റോസ്, ഓർക്കിഡ്, ജമന്തി, മുല്ല, ചെണ്ട് മല്ലി തുടങ്ങിയ ചെടികളും പൂക്കളും ഉൾപ്പെടുത്തി ഫ്ലവർ പവലിയനും മേളയിലുണ്ടാകും. മികച്ച ഇനം തെങ്ങിൻ തൈകൾ, മാവ്, റമ്പുട്ടാൻ, ജാതി, കുരുമുളക് ചെടികളും പയർ,പാവൽ, വെണ്ട, ചീര തുടങ്ങിയവയുടെ വിത്തുകളും വില്പന നടത്താൻ ഗാർഡന്‍ നഴ്സറിയും മേളയിൽ ഉണ്ടാകും.
ക്രിസ്തുമസ് സ്റ്റാൾ, നാടൻ വിഭവങ്ങളും വിവിധതരം ജ്യൂസുകളും കോഴിക്കോടന്‍ ഹലുവയും പഴയകാല മിഠായികളും ഐസ്ക്രീമും, പൊരി പലഹാരങ്ങളും ഉൾപ്പെടുത്തി ഫുഡ് കോർട്ടും മേളയുടെ ഭാഗമാകും. വീട്ടിലേക്ക് ആവശ്യമുള്ള വസ്തുക്കളെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുന്നതാണ് വിപണന മേള. കരകൗശല വസ്തുക്കൾ, ഗിഫ്റ്റ് ഐറ്റംസ്, ഫർണീച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കത്തി, വാക്കത്തി, അരിവാൾ തുടങ്ങിയ ആയുധങ്ങൾ, പഴയകാല കാർഷിക ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനവും നടക്കും.
വിപുലമായ അമ്യൂസ്മെന്റ് പാർക്കും ഉണ്ടാകും. ആകാശ ഊഞ്ഞാൽ, കുട്ടികളുടെ ട്രയിൻ, നീന്തൽക്കുളം, ഡിസ്കോ, ആകാശ വഞ്ചി, കാർ, മോട്ടോർ സൈക്കിൾ തുടങ്ങി നിരവധി റൈഡുകൾ ഇതോടനുബന്ധിച്ച് ഒരുക്കും. സാധാരണ ദിവസങ്ങളിൽ വൈകിട്ട് 3ന് പ്രവേശനം ആരംഭിക്കും. പൊതു അവധിദിനങ്ങളിൽ ഉച്ചമുതൽ മേളയ്ക്ക് തുടക്കം കുറിക്കുമെന്നും സംഘാടക സമിതി ഭാരവാഹികളായ ഷാനവാസ്, അൻവർ സാദിഖ്, പി.ഇ. യൂനസ് തുടങ്ങിയവർ അറിയിച്ചു.