തൃപ്പൂണിത്തുറ: ജലക്ഷാമം കൊണ്ട് വീർപ്പുമുട്ടുന്ന ഉദയംപേരൂർ, ആമ്പല്ലൂർ, എടക്കാട്ടുവയൽ എന്നീ പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിനായി 274.54 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.ബാബു എം.എൽ.എ അറിയിച്ചു.

കക്കാട് പമ്പ് ഹൗസിലെ വി.ടി പമ്പ്സെറ്റ് മാറ്റി സ്ഥാപിക്കുന്നതിനും കക്കാട് പ്ലാന്റിലെ പമ്പ് ഹൗസിലേക്കുള്ള ഇലക്ട്രിസിറ്റി ഡെഡിക്കേറ്റഡ് ഫീഡർ ലൈൻ സ്ഥാപിക്കുന്നതിനുമായി 192.31 ലക്ഷം രൂപയും കെ.എസ്.ഇ.ബി ഡെഡിക്കേറ്റഡ് ഫീഡർ ലൈൻ സ്ഥാപിക്കാനായി 82.23 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

പ്ലാന്റിന്റെ കാലപ്പഴക്കം കൊണ്ടും വൈദ്യുതി സ്ഥിരമായി മുടങ്ങുന്നതുകൊണ്ടും ജലവിതരണം സുഗമമായി നടക്കുന്നില്ല. നിലവിൽ ഉദയംപേരൂരിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവ് ഏകദേശം 25- 30 ലക്ഷം ലിറ്ററാണ്. പുതിയ പമ്പ് സെറ്റ് സ്ഥാപിക്കുന്നതോടെ 40 മുതൽ 50 ലക്ഷം ലിറ്റർ വെള്ളം വരെ ലഭിക്കും.

ഉദയംപേരൂർ പഞ്ചായത്തിൽ 4 മേഖലകളായി തിരിച്ചാണ് ജലവിതരണം ചെയ്യുന്നത്. പമ്പ് മാറ്റി സ്ഥാപിക്കുകയും പുതിയ കെ.എസ്.ഇ.ബി ലൈൻ സ്ഥാപിക്കുകയും ചെയ്യുന്നതോടെ വെള്ളത്തിന്റെ അളവ് വർദ്ധിക്കുമെന്ന് എം.എൽ.എ പറഞ്ഞു.