കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തോടനുബന്ധിച്ചുള്ള തിരക്കു നിയന്ത്രിക്കാൻ പൊലീസ് സംവിധാനമൊരുക്കണമെന്നും പ്രായമായവരും കുട്ടികളുമടക്കമുള്ള ഭക്തരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പൊലീസ് ഫലപ്രദമായ നടപടിയെടുക്കുന്നില്ലെന്നും ക്ഷേത്രവളപ്പിൽ സ്ത്രീകളെ ശല്യം ചെയ്യുന്നെന്നും ചൂണ്ടിക്കാട്ടി എട്ടു ഭക്തകൾ നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഇന്നലെ അവധിയായിരുന്നിട്ടും സ്പെഷ്യൽ സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പൊലീസിന് നിർദ്ദേശം നൽകിയത്.
ക്ഷേത്രത്തിനു മുൻവശത്തെ വഴി തെരുവു കച്ചവടക്കാർ കൈയടക്കിയിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള തിരക്ക് നിയന്ത്രിക്കാൻ സംവിധാനമില്ല. ക്ഷേത്രവളപ്പിൽ വിശ്വാസങ്ങൾക്ക് വിരുദ്ധമായി മദ്യപിച്ചും ആളുകളെത്തുന്നുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ക്ഷേത്രച്ചടങ്ങുകൾ, പ്രത്യേകിച്ച് വിളക്ക് എഴുന്നള്ളിപ്പ്, ലൈവ് സ്ട്രീമിംഗ് നടത്തിയത് നല്ല കാര്യമാണെങ്കിലും ആറാട്ട് ലൈവ് സ്ട്രീമിംഗ് ചെയ്യാൻ അനുവദിക്കരുതെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടിരുന്നു.
ആറാട്ട് ചടങ്ങുകൾ ലൈവ് സ്ട്രീമിംഗ് നടത്തില്ലെന്നും ഈ ചടങ്ങു നടക്കുന്ന ഭാഗത്തേക്ക് ക്യാമറകൾക്ക് പ്രവേശനമില്ലെന്നും കൊച്ചിൻ ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ അറിയിച്ചു. തിരക്കു നിയന്ത്രിക്കാൻ പദ്ധതി നടപ്പാക്കിയെന്നും വേണ്ടത്ര പൊലീസിനെ നിയോഗിച്ചെന്നും തൃക്കാക്കര അസി. കമ്മിഷണറും തൃപ്പൂണിത്തുറ സി.ഐയും ഹൈക്കോടതിയിൽ വിശദീകരിച്ചു.