ഫോർട്ടുകൊച്ചി: അറബിക്കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽനിന്ന് കടലിലേക്കുവീണ തൊഴിലാളിയെ കാണാതായി. കൊച്ചി ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനുപോയ ഗലീലിയൻ ബോട്ടിലെ തൊഴിലാളിയായ ആലപ്പുഴ കാട്ടൂർ കൂട്ടുങ്കൽവീട്ടിൽ തോമസിന്റെ മകൻ ബിനു കെ. തോമസിനെയാണ് (35) കാണാതായത്. കൊച്ചി തീരത്തുനിന്ന് 76 നോട്ടിക്കൽമൈൽ അകലെയാണ് സംഭവം. ചെറിയകടവ് സ്വദേശി ആഞ്ചലോസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.
കഴിഞ്ഞ പന്ത്രണ്ടിനാണ് ബിനു ഉൾപ്പെടെ 26അംഗ സംഘം മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. പതിനാലിന് പുലർച്ചെ മൂന്നരയോടെയാണ് കാറ്റിൽപ്പെട്ട് ഉലഞ്ഞ ബോട്ടിൽനിന്ന് ബിനു കടലിൽ വീണത്. സഹപ്രവർത്തകർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തീരരക്ഷാസേനയും മത്സ്യബന്ധനബോട്ടുകളും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.