
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ചേർത്തല സ്വദേശി അബിൻ ആശുപത്രിവിട്ടു. ആശുപത്രികവാടത്തിൽ കളക്ടർ എൻ.എസ്.കെ ഉമേഷ്, ടി.ജെ. വിനോദ് എം.എൽ.എ, എച്ച്.ഡി.എസ് അംഗങ്ങൾ എന്നിവർ ചേർന്ന് ചെമ്പനീർപ്പൂക്കൾ നൽകി യാത്രയാക്കി.
ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ യൂറോളജിസ്റ്റ് ഡോ. അനൂപ് കൃഷ്ണൻ, നെഫ്രോളജിസ്റ്റ് ഡോ. സന്ദീപ് ഷേണായി, അനസ്തറ്റിസ്റ്റ് ഡോ. അഞ്ജുരാജ്, സീനിയർ നഴ്സിംഗ് ഓഫീസർമാരായ ശ്യാമള, സാജിത, കോ ഓർഡിനേറ്റർ സൗമ്യ എന്നിവർ സന്നിഹിതരായിരുന്നു. പരിമിതമായ സാഹചര്യത്തിൽ മഹത്തായ നേട്ടം കൈവരിച്ചതിലൂടെ ആരോഗ്യവകുപ്പിന് പുതിയ ഊർജമായെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ പറഞ്ഞു.