brahmapuram

കൊച്ചി: ബ്രഹ്മപുരത്തെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് നിർമ്മാണത്തിന് ബി.പി.സി.എൽ ബോർഡിന്റെ അനുമതി. പ്ലാന്റിന്റെ ടെൻഡർ ജനുവരിയിൽ നടക്കും. 2024 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിച്ച് 2025 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്കും പ്ലാന്റിന്റെ ഗുണം ലഭിക്കും.

150 ടൺ മാലിന്യം സംസ്കരിക്കാം. ബി.പി.സി.എൽ റിഫൈനറിയോട് ഏറ്റവും അടുത്തു കിടക്കുന്ന ഭാഗമാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് പൈപ്പ്‌ലൈൻ വഴി അമ്പലമേട്ടിലെ റിഫൈനറിയുമായി ബന്ധിപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ട്. കൊച്ചി കോ‌ർപറേഷനിന് പുറമെ സമീപ തദ്ദേശ സ്ഥാപനങ്ങൾക്കും മാലിന്യം സംസ്കരിക്കാൻ പ്ലാന്റ് സഹായകമാണ്.

ബ്രഹ്മപുരം പ്ലാന്റിൽ കഴിഞ്ഞ മാർച്ചിലുണ്ടായ അഗ്നിബാധയ്ക്ക് ശേഷമാണ് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്. നിലവിലെ പ്ലാന്റ് പ്രവർത്തനരഹിതമായിട്ട് കാലങ്ങളായി. കൊച്ചി കോർപ്പറേഷനിലെ ഭക്ഷ്യമാലിന്യം മാത്രമാണ് ഇപ്പോൾ ബ്രഹ്മപുരത്ത് തള്ളുന്നത്. തീപിടിത്തത്തിന് ശേഷം പ്ലാന്റലേക്ക് പ്ലാസ്റ്റിക് കൊണ്ടുപോകുന്നില്ല.