തൃപ്പൂണിത്തുറ: കഴിഞ്ഞ എട്ട് ദിനരാത്രങ്ങൾ ഭക്തരെ ഉത്സവലഹരിയിൽ ആറാടിച്ച തൃപ്പൂണിത്തുറ ശ്രീപൂർണത്രീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് കൊടിയിറങ്ങി. ശനിയാഴ്ച പ്രഭാതത്തിൽ പള്ളിയുണർത്തി ഭഗവാനെ ആദ്യം പശുക്കിടാവിനെ കണി കാണിച്ചു. തുടർന്ന് അഭിഷേകങ്ങളും പന്തീരടി പൂജയും കഴിഞ്ഞ് നട അടച്ചു. വൈകിട്ട് 3 മുതൽ 15 ഗജവീരൻമാരെ അണിനിരത്തി ചൊവ്വല്ലൂർ മോഹനൻ നായരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലിക്ക് ശേഷം ആറാട്ടുബലി നടന്നു.
രാത്രി 7.30 ന് തന്ത്രിയുടെ കാർമ്മികത്വത്തിൽ ഉത്സവക്കൊടിയിറക്കി. ഗജപൂജയ്ക്കുശേഷം പടിഞ്ഞാറെ ഗോപുരത്തിലൂടെ വലിയ മൂത്തതിന്റെ ഇളയിടത്തില്ലത്തേക്ക് പറയെടുപ്പിനെഴുന്നള്ളിച്ചു. ഇല്ലത്ത് ആചാരപരമായി ശ്രീപൂർണത്രയീശനെ ആദരിച്ച് ആനയിച്ചു. ഇവിടെ പറയെടുപ്പിനു ശേഷം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളി. അതോടെ മേജർ സെറ്റ് പഞ്ചവാദ്യം തുടങ്ങി. ചോറ്റാനിക്കര വിജയൻ മാരാർ കലാമണ്ഡലം കുട്ടിനാരായണൻ എന്നിവരുടെ പ്രമാണത്തിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ അഞ്ചാനപ്പുറത്താണ് ആറാട്ടിന് എഴുന്നള്ളിയത്.
ചക്കംകുളങ്ങര ശിവക്ഷേത്രത്തിൽ രാത്രി 11ന് ആറാട്ട് ചടങ്ങുകൾ നടത്തി. തിരിച്ചെഴുന്നള്ളിപ്പ് സ്റ്റാച്യു ജംഗ്ഷനിൽ എത്തിയപ്പോൾ പൂർണത്രയീശന്റെ എഴുന്നള്ളിപ്പിനു മുന്നിൽ സ്വർണക്കുടത്തിൽ കാണിക്ക സമർപ്പണവും നടന്നു. തുടർന്ന് ചൊവ്വല്ലൂർ മോഹനൻനായർ നയിച്ച പാണ്ടിമേളത്തോടെ ക്ഷേത്രനടയിലേക്ക് എഴുന്നള്ളി. ക്ഷേത്രത്തിലേക്ക് ഭഗവാനെ കൊടിക്കൽ നിറപറകൾ വച്ചാണ് എതിരേറ്റത്. ക്ഷേത്രത്തിൽ പ്രവേശിച്ച് പുലർച്ചെ മുതൽ കൊടിമരച്ചുവട്ടിൽ പറയെടുപ്പ് നടന്നു. വൃശ്ചികോത്സവത്തിന്റെ അവസാന പഞ്ചാരിമേളത്തോടെ കൂട്ടിയെഴുന്നള്ളിപ്പ് നടത്തി ഉത്സവ ചടങ്ങുകൾ സമാപിച്ചു.